എറണാകുളം ആമ്പല്ലൂർ വില്ലേജ് ഓഫീസ് കത്തിക്കൽ കേസ് ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു രവിയുടെ പ്രതികരണം

കൊച്ചി: ഒന്നരപ്പതിറ്റാണ്ട് കയറിയിറങ്ങിയിട്ടും നീതി നിഷേധിച്ചതിനാലാണ് വില്ലേജ് രേഖകള്‍ക്ക് തീയിട്ടതെന്ന് എറണാകുളം ആമ്പല്ലൂർ സ്വദേശി രവി. തന്നെ ശിക്ഷിക്കണമെന്ന് പറയുന്നവര്‍ ഭൂമിയളക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥരെപ്പറ്റി എന്ത് പറയുമെന്നും രവി ചോദിക്കുന്നു.

കാഞ്ഞിരമറ്റം ചക്കാലപ്പറമ്പില്‍ സി.കെ. രവിയ്ക്ക് എഴുപത്തിരണ്ട് വയസ്സായി. മുപ്പത്താറുകൊല്ലം മുന്പ് വാങ്ങിയ ഒരേക്കര്‍ സ്ഥലത്തിന്‍റെ പേരിലാണ് റവന്യൂ വകുപ്പ് രവിയെ പെടാപ്പാടുപെടുത്തുന്നത്. ആമ്പല്ലൂര്‍ വില്ലേജിലെ 22-ാം ബ്ലോക്കിലെ 501/2,3, 502/3,4 സര്‍വ്വേ നമ്പരുകളിലുള്ള ഭൂമി. കരയായും പാടമായും കിടക്കുന്ന സ്ഥലം. 2003 ല്‍ വില്‍ക്കാന്‍ നോക്കിയപ്പോള്‍ മുതലാണ് പൊല്ലാപ്പ് തുടങ്ങുന്നത്. കൈവശ രേഖവേണം. റീസര്‍വ്വെ ചെയ്തു കിട്ടണം. രണ്ടും നടന്നില്ല.

ഉദ്യോഗസ്ഥര്‍ പറഞ്ഞ ന്യായം വസ്തുവിന്‍റെ ഉടമ രവി അല്ലെന്നാണ്. മുമ്പിരുന്ന ഏതോ ഒരു വില്ലേജ് ഉദ്യോഗസ്ഥന്‍ രേഖകളില്‍ വരുത്തിയ പിഴവ്. അതു തിരുത്താന്‍ പിന്നീടു വന്നവരും തയാറായില്ല. രവി കേസിനു പോയി. ഹൈക്കോടതി അനുകൂല ഉത്തരവും നല്‍കി. എന്നിട്ടും റീസര്‍വ്വേ ചെയ്തു നല്‍കിയില്ല. പിന്നെയും നടത്തിച്ചു. സഹികെട്ടാണ് രവി ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിലേക്ക് പെട്രോളുമായി പോയി ഒാഫീസിന് തീയിട്ടത്. പോരാട്ടം തുടരാനാണ് രവിയുടെ തീരുമാനം.