കഴിയുമെങ്കില്‍ അവന്റെ രോഗം ഭേദമാക്കാന്‍ സഹായിക്കണം. അതിന് കഴിയില്ലെങ്കില്‍ ദയവധത്തിന് അവനെ അനുവദിക്കണമെന്നാണ് തന്റെ ആവശ്യമെന്ന് രാജു പറയുന്നു. മകന്റെ ചികിത്സക്കായി തന്റെ സമ്പാദ്യമെല്ലാം ഇതിനോടകം തന്നെ അദ്ദേഹം ചിലവഴിച്ചു കഴിഞ്ഞു. മജ്ജ മാറ്റിവെയ്ക്കലാണ് ഇനി ഡോക്ടര്‍മാര്‍ മുന്നോട്ട് വെയ്ക്കുന്ന മാര്‍ഗ്ഗം. ഇതിനുള്ള പണം കണ്ടെത്താന്‍ തനിക്ക് മുന്നില്‍ വഴികളില്ല. ഇപ്പോള്‍ തന്നെ ഭീമമായ കട ബാധ്യതയില്‍ നട്ടം തിരിയുന്ന തങ്ങള്‍ക്ക് ദയാവധമായിരിക്കും അവസാന ആശ്രയമെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ രക്ത കോശങ്ങള്‍ ഉദ്പാദിപ്പിക്കാന്‍ ശരീരത്തിന് കഴിയാത്ത അവസ്ഥയായ എപ്ലാസ്റ്റിക് അനീമിയ അപൂര്‍വ്വ രോഗമാണ്. പാരമ്പര്യമായോ, പ്രതിരോധ വ്യവസ്ഥയുടെ തകരാറ് കൊണ്ടോ, റേഡിയേഷന്‍, മരുന്നുകള്‍ തുടങ്ങിയവയുടെ സാന്നിദ്ധ്യമോ ഈ അസുഖത്തിന് കാരണമാവാം. എന്നാല്‍ പകുതിയിലധികം പേരിലും കാരണം കണ്ടുപിടിക്കാന്‍ കഴിയാറില്ല. യുവാക്കളില്‍ 20 വയസിന് ശേഷമായിരിക്കും ഇത് സാധാരണ കണ്ടെത്തുക. രോഗം സ്ഥിരീകരിച്ച ഉടനെ വിപിന് ചികിത്സ തുടങ്ങി. ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് കുടുംബത്തിന്റെ യാത്ര തുടങ്ങിയിട്ട് ഒന്നര വര്‍ഷം കഴിയുകയാണ്. എല്ലാ 15 ദിവസത്തിലൊരിക്കലും ശരീരത്തില്‍ രക്തം നല്‍കണം. ഇങ്ങനെ 70 കുപ്പികളോളം രക്തം ഇതിനോടകം നല്‍കിക്കഴിഞ്ഞു.

രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം ദയാവധം അനുവദനീയമല്ല. ബെല്‍ജിയം, നെതര്‍ലാന്റ്സ്, സ്വിറ്റ്സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ ദയാവധം നിയമവിധേയമാക്കാനുള്ള നിയമങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.