സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 85 ശതമാനം സീറ്റുകളില്‍ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റി നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ ഈടാക്കി തല്‍ക്കാലം പ്രവേശനം നടത്താനുള്ള ഹൈക്കോടതി വിധിക്കതിരെ സ്വാശ്രയ മാനേജുമെന്‍റുകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഇന്ന് ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും. 

ഫീസില്‍ ഭാവിയില്‍ മാറ്റം വരാമെന്ന് വിദ്യാര്‍ഥികളെ അറിയിച്ചു വേണം പ്രവേശനം നടത്തേണ്ടതെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് മാനേജ്മെന്‍റുകള്‍ പറയുന്നു. ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ അനുമതി നല്‍കി ഭാവിയില്‍ വിധി വന്നാലും വിദ്യാര്‍ഥികള്‍ക്ക് അത് നല്‍കാന്‍ കഴിയണമെന്നില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.അത് കൊണ്ട് അധിക ഫീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്ത ശേഷം പ്രവേശന നടപടികള്‍ മതിയെന്നാണ് മാനേജ്മെന്റിന്റെ വാദം.

അതേസമയം കോടതി ഉത്തരവ് പ്രകാരം സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് ഘടന ഇന്നലെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. നേരത്തെ സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ട പരിയാരം, എം.ഇ.എസ്, കാരക്കോണം എന്നീ മൂന്നു കോളേജുകളിൽ മുൻ വർഷത്തെ പോലെ വ്യത്യസ്ത തരം ഫീസാണ്. 25,000 മുതൽ 15 ലക്ഷം വരെയാണ് ഈ ഫീസ്. ബാക്കി 15 കോളേജുകളിലും അഞ്ച് ലക്ഷമെന്ന ഏകീകൃത ഫീസാണ്. ഹൈക്കോടതി നിർദേശ പ്രകാരം പ്രവേശന പരീക്ഷ കമ്മീഷണർ ആണ് ഫീസ് ഘടന പ്രസിദ്ധീകരിച്ചത്.