തന്നെ ഭീകരയായി ചിത്രീകരിച്ചും ബലിയാടാക്കിയും തെരുവ് നായ വിഷയത്തിൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനാണ് കേരളം ശ്രമിക്കുന്നതെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മേനകാ ഗാന്ധി എഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. സംസ്ഥാന മന്ത്രിസഭാ തീരുമാനം സുപ്രീംകോടതിവിധിയുടെയും ആറ് ഹൈക്കോടതി വിധികളുടെയും ലംഘനമാണ്. മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലാത്ത തിരൂമാനം എടുത്തതിന് പിന്നിൽ കെ ടി ജലീലിന്റെ നിർബന്ധമായിരുന്നെന്നും മേനകാ ഗാന്ധി കുറ്റപ്പെടുത്തി.

ഏപ്പോഴും ഒരു പ്രശ്നമുണ്ടാകുമ്പോൾ ഞാനാണ് ബലിയാട്. എന്നാൽ എനിക്ക് കേരളത്തോട് ഏറെ മമതയുണ്ട്. ഒരു കുട്ടി തീയിൽ കൈയ്യിടുന്നത് കാണുന്ന അമ്മയുടെ മനോഭാവമാണ് എനിക്ക്. പലപ്പോഴും കുട്ടികൾ ആക്രമിക്കപ്പെട്ട കേസിൽ അവർ ഇറച്ചി കൊണ്ടു പോകുകയായിരുന്നു എന്ന് വ്യക്തമാക്കപ്പെട്ടു. ആ സ്ത്രീ മാംസം കൊണ്ടു പോകുകയായിരുന്നു എന്ന് പറഞ്ഞിട്ടില്ല - മേനകാ ഗാന്ധി പറഞ്ഞു.

ദില്ലിയിലും ചെന്നൈയിലും നേരിട്ടതു പോലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാതെ തന്നെ ഭീകരയാക്കി ചിത്രീകരിക്കുന്നു എന്ന് മേനകാ ഗാന്ധി പറഞ്ഞു. പുല്ലുവിളയിൽ മരിച്ച ശീലുവമ്മ മാംസം കൊണ്ടു പോകുകയായിരുന്നു എന്ന് പറഞ്ഞിട്ടില്ലെന്ന് മേനകാ ഗാന്ധി വിശദീകരിച്ചു.

നായ്ക്കളെ കൊല്ലാതെ വന്ധ്യംകരിച്ചതു വഴി ദില്ലിയിൽ ഇവയുടെ എണ്ണം നാലു ലക്ഷത്തിൽ നിന്ന് 70000 ആയി. കേരളത്തിന് കേന്ദ്രം കൂടുതൽ ഫണ്ട് നല്കാൻ തയ്യാറാണ്. സുപ്രീം കോടതിയും ആറു ഹൈക്കോടതികളും പുറപ്പെടുവിച്ച ഉത്തരവാണ് കേരള മന്ത്രിസഭ ലംഘിക്കുന്നത് - മേനകാ ഗാന്ധി പറഞ്ഞു.