ലോകഫുട്ബോളിലെ മാന്ത്രികരെപ്പറ്റി മാങ്ങാട് രത്നാകരന്‍ എഴുതുന്നു.
‘ഓ ഫെനോമെനോ’ എന്നാണ് പോര്ച്ചുഗീസ് ഭാഷയില് റൊണാള്ഡോയുടെ വിളിപ്പേര്. അതായത് പ്രതിഭാസം. ലോകോത്തര ഫുട്ബോള് ക്ലബ്ബുകളിലും ലോകകപ്പിലും ഒരുപോലെ പ്രതിഭാസമായിരുന്നു റൊണാള്ഡോ; പെലെയെപ്പോലെ തന്നെ.
ലോകകപ്പ് ഗോള്വേട്ടയില് റൊണാള്ഡോ പെലെയെയും കടത്തിവെട്ടി. പെലെ നാല് ലോകകപ്പുകളിലായി 12 ഗോളുകള് അടിച്ചപ്പോള്, റൊണാള്ഡോ കളിക്കാത്ത ഒരു ലോകകപ്പ് ഉള്പ്പെടെ നാലു ലോകകപ്പുകളിലായി 15 ഗോളുകള് അടിച്ചു. കഴിഞ്ഞ ലോകകപ്പില് ജര്മ്മനിയുടെ മിറോസ്ലോവ് ക്ലോസെയാണ് റൊണാള്ഡോയുടെ റെക്കോര്ഡ് തിരുത്തിയത്, 16 ഗോളുകള്.
റൊണാള്ഡോയുടെ ശിരസ്സില് ഇനിയുമുണ്ട് കിരീടങ്ങള്. മൂന്നു തവണ ഫിഫയുടെ ഏറ്റവും മികച്ച കളിക്കാരന്, രണ്ടു തവണ ബാലന്ദ്യോര് പുരസ്കാരം, 2002 ലോകകപ്പില് ജര്മ്മനിയെ തോല്പ്പിച്ച് ബ്രസീല് കിരീടം നേടിയത് റൊണാള്ഡോയുടെ രണ്ട് ഗോളുകളിലൂടെയായിരുന്നു.
പതിനാറാം വയസ്സില് ക്രൂസിറോ ക്ലബ്ബിലായിരുന്നു റൊണാള്ഡോയുടെ അരങ്ങേറ്റം. ഗംഭീരമായിരുന്നു ആ തുടക്കം. റൊണാള്ഡോയുടെ ബൂട്ടില് നിന്ന് ഗോള്മഴകളായിരുന്നു. തൊട്ടടുത്ത വര്ഷം പിഎസ്വൈ ഐന്തോവനില്, പിന്നീട് ബാഴ്സലോണയില്. ഇന്റര്മിലാനും റൊണാള്ഡോയെ നോട്ടമിട്ടിരുന്നുവെങ്കിലും ബാഴ്സലോണയായിരുന്നു റൊണാള്ഡോയ്ക്ക് അന്നത്തെ റെക്കോഡ് പ്രതിഫലം നല്കി വലവീശിയത്. ബാഴ്സലോണ റൊണാള്ഡോയുടെ കീഴില് ഉയരങ്ങള് കീഴടക്കി. 49 മത്സരങ്ങളില് 47 ഗോളുകളുമായി റൊണാള്ഡോ ബാഴ്സലോണയില് തിളങ്ങി.
പതിനേഴാം വയസ്സില്, 1994-ലോകകപ്പിലെ ടീമില് ഉള്പ്പെട്ടുവെങ്കിലും റൊണാള്ഡോയെ കളിക്കളത്തിലിറക്കിയില്ല. 1998 ലെ ലോകകപ്പില്, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന് എന്ന വിശേഷണത്തോടെയാണ് ഫുട്ബോള് ലോകം റൊണാള്ഡോയെ സ്വാഗതം ചെയ്തത്. നാലു ഗോളുകള് നേടിയും മൂന്നെണ്ണത്തിന് വഴിയൊരുക്കിയും റൊണാള്ഡോ ബ്രസീലിനെ ഫൈനലിലേക്ക് നയിച്ചു. ഫ്രാന്സുമായുള്ള ഫൈനലിനു മുമ്പ് റൊണാള്ഡോയ്ക്ക് ശാരീരികമായ തളര്ച്ച ഉണ്ടായെങ്കിലും കളിക്കാനൊരുങ്ങി. ഒരു സ്വപ്നാടകനെപ്പോലെ കളിക്കളത്തില് അലഞ്ഞുതിരിഞ്ഞ റൊണാള്ഡോയ്ക്ക്, തന്റെ സ്വതന്ത്രമായ കളി പുറത്തെടുക്കാനായില്ല. കോച്ച് മാരിയോ സഗാലോ റൊണാള്ഡോയെ തിരിച്ചുവിളിക്കാന് ഉദ്ദേശിച്ചെങ്കിലും ബ്രസീലിലെ ജനവികാരം മാനിച്ച് തുടരാന് അനുവദിച്ചു. ഫൈനലില് ഫ്രാന്സ് മൂന്ന് ഗോളുകള്ക്ക് ബ്രസീലിനെ തോല്പ്പിച്ചു.
2002 ലോകകപ്പില് റൊണാള്ഡോ ഉജ്ജ്വല ഫോമിലായിരുന്നു. ബ്രസീലിലെ ‘R’ ത്രിമൂര്ത്തികള്, റൊണാള്ഡോയും റൊണാള്ഡീഞ്ഞോയും റിവാള്ഡോയും ചേര്ന്ന് എതിരാളികളെ അരിഞ്ഞു വീഴ്ത്തി. ഫൈനലില് ജര്മ്മനിയെ തോല്പ്പിച്ച രണ്ട് ഗോളുകളും റൊണാള്ഡോയുടേത് ആയിരുന്നു. റൊണാള്ഡോ ബ്രസീലിന്റെ അഞ്ചാം ലോകകപ്പ് കിരീടം ഉയര്ത്തി.
2006 ലോകകപ്പില്, റൊണാള്ഡോയ്ക്ക് തിളങ്ങാനായില്ല. പക്ഷേ ആ ലോകകപ്പില് റൊണാള്ഡോ മറ്റൊരര്ത്ഥത്തില് തിളങ്ങി. ജര്മ്മനിയുടെ ഗെര്ഡ് മുള്ളര് സൃഷ്ടിച്ച 14 ഗോള് എന്ന റെക്കോഡ് റൊണാള്ഡോ ഘാനക്കെതിരെയുള്ള ഗോളിലൂടെ തിരുത്തിയെഴുതി. ആ റെക്കോട് എട്ട് വര്ഷം നിലനിന്നു!
