തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ വിളി വിവാദത്തില്‍ മംഗളം ചാനല്‍ മേധാവി അടക്കമുള്ളവര്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി. ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ അടക്കം ഏഴ് പേരാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒന്‍പത് പേരോണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദ്യം നോട്ടീസ് നല്‍കിയെങ്കിലും ഇവര്‍ അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ വീണ്ടും നോട്ടീസ് അയച്ചിരുന്നു. വിവാദഫോണ്‍ വിളി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് ചില സാക്ഷികളില്‍ നിന്നും മൊഴി രേഖപ്പെടുത്തും. ഇന്നലെ ചാനലിന്റെ ഓഫീസില്‍ നിന്നും സീല്‍ ചെയ്തെടുത്ത കമ്പ്യൂട്ടറും മറ്റ് രേഖകളും ഫോറന്‍സിക് പരിശോധനക്ക് അയക്കും.