തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെതിരായ ലൈംഗിക സംഭാഷണ ടേപ്പ് ഹണി ട്രാപ്പാണെന്നും കുടുക്കിയത് ചാനല്‍ ലേഖികയാണെന്നും പരസ്യമായി സമ്മതിച്ച് ചാനലിന്റെ ഖേദ പ്രകടനം. ചാനല്‍ സിഇഒ പ്രൈം ടൈം വാര്‍ത്തക്കിടെയാണ് പരസ്യമായി മാപ്പ് പറഞ്ഞത്. ട്രാപ്പൊരുക്കിയത് ചാനലിന്റെ അറിവോടെയാണെന്നും ഇനി ഇത്തരം തെറ്റ് പറ്റില്ലെന്നും സിഇഒ അജിത് കുമാര്‍ പറഞ്ഞു.

ലൈംഗിക ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജി വച്ചിരുന്നു. എന്നാല്‍ ശശീന്ദ്രനെ കുടുക്കിയതാണെന്നും ഹണി ട്രാപ്പാണെന്നും അന്നു തന്നെ ആരോപണമുയര്‍ന്നു. എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ചാനല്‍ അധികൃതര്‍ വാര്‍ത്ത തെറ്റാണെന്ന് തെളിഞ്ഞാല്‍ മാധ്യപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് മറുപടി നല്‍കിയത്.

എന്നാല്‍ ഹണി ട്രാപ് സംബന്ധിച്ച വിശദാശംങ്ങള്‍ പുറത്ത് വന്നതോടെ വാര്‍ത്തക്കെതിരെ വിമര്‍ശനങ്ങളുണ്ടായി. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ പോലീസും കേസെടുത്തു. 

വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ ചാനലിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട് കുട്ടിയെ തിരിച്ചറിയത്തക്ക രീതിയില്‍ കുട്ടിയുടെ ബന്ധുവിന്റെയും അമ്മയുടേ കാമുകന്റെയും ചിത്രവും മേല്‍വിലാസവും പ്രസിദ്ധീകരിച്ചതിനെതിരെ പോസ്‌കോ നിയമപ്രകാരം കെസടുക്കണമെന്നും പരാതി ഉയര്‍ന്നു.

പോക്‌സോ നിയമപ്രകാരവും ഐടി ആക്ട് പ്രകാരം മംഗളം ടെലിവിഷന്‍ സിഇഓ ആര്‍. അജിത് കുമാറിനെതിരായും മറ്റ് അഞ്ച് പേര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: മുജീബ് റഹ്മാനാണ് പരാതി നല്‍കിയത്. കുറുപ്പുംപടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് പരാതി നല്‍കിയത്.