കണ്ണൂര്‍: കണ്ടല്‍ നീര്‍ത്തടങ്ങള്‍ വെച്ചു പിടിപ്പിച്ച് പാരിസ്ഥിതിക സംരക്ഷണത്തിന്റെ പുതിയ പാഠങ്ങള്‍ തീര്‍ത്ത കല്ലേന്‍ പൊക്കുടന്റെ പ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചയായി കണ്ടല്‍ സ്‌കൂള്‍ സ്ഥാപിക്കാന്‍ ശ്രമം.
പൊക്കുടന്റെ രണ്ടാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ പിന്‍മുറക്കാരുടെ മുന്‍കൈയില്‍ ഈ ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പുതു തലമുറയ്ക്ക് കണ്ടല്‍ക്കാടുകളെക്കുറിച്ചും പുഴ ജീവിതത്തെക്കുറിച്ചുമുള്ള അര്‍ത്ഥവത്തായ അറിവുകള്‍ പകരുന്ന വിധത്തില്‍ കണ്ടല്‍ സ്‌കൂള്‍ സ്ഥാപിക്കാനാണ് പദ്ധതികള്‍ ആരംഭിക്കുന്നത്. പൊക്കുടന്റെ ആവാസ സ്ഥലമായിരുന്ന കണ്ണൂര്‍ പഴയങ്ങാടി മുട്ടുകണ്ടിയില്‍ പുഴക്കരയില്‍ ഇത്തരമൊരു സ്‌കൂള്‍ സ്ഥാപിക്കാനാണ് പദ്ധതിയെന്ന് പൊക്കുടന്റെ മകന്‍ ആനന്ദന്‍ പൈതലേന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
പഴയങ്ങാടി പുഴക്കരയില്‍ വ്യാപകമായി കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിച്ച കല്ലേന്‍ പൊക്കുടന്‍ കണ്ടലുകളുടെ പ്രചാരണത്തിനായി നാടെങ്ങും സഞ്ചരിച്ച പരിസ്ഥിതി പ്രവര്‍ത്തകനാണ്. സ്‌കൂളുകളിലും കോളജുകളിലും ചെന്ന് കണ്ടല്‍ക്കാടുകളുടെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ അദ്ദേഹം ഏറെ ശ്രമങ്ങള്‍ നടത്തി. രണ്ടു വര്‍ഷം മുമ്പ് പൊക്കുടന്‍ ജീവിതത്തോട് വിട പറഞ്ഞതോടെ ഈ ശ്രമങ്ങള്‍ നിലച്ചു. പൊക്കുടന്‍ സ്വജീവിതം കൊണ്ട് നടത്തിയ ശ്രമങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാവണമെന്ന പിന്‍മുറക്കാരുടെ ആഗ്രഹങ്ങളുടെ പുറത്താണ് കണ്ടല്‍ സ്‌കൂള്‍ സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നത്. കുട്ടികള്‍ക്ക് കണ്ടലിനെയും പുഴജീവിതത്തെയും പരിചയപ്പെടുത്തുന്ന ക്ലാസുകള്‍ നടത്തുക, ഇതുമായി ബന്ധപ്പെട്ട സ്‌ക്രീനിംഗ് നടത്തുക, കണ്ടല്‍ ജീവിതത്തെയും പുഴ ജീവിതത്തെയും പുതിയ തലമുറയെ അനുഭവിപ്പിക്കുക, ഈ ആശയങ്ങള്‍ പൊതു സമൂഹത്തില്‍ എത്തിക്കുക തുടങ്ങിയവയാണ് കണ്ടല്‍ സ്‌കൂളിലൂടെ നടത്താന്‍ ഉദ്ദേശിക്കുന്നത്.
പാരിസ്ഥിതിക പ്രശ്‌നങ്ങളെ കാല്‍പ്പനികമായി സമീപിക്കുന്ന വെറുമൊരു പരിസ്ഥിതി പ്രവര്‍ത്തകനായിരുന്നില്ല പൊക്കുടന്‍. 'കണ്ടല്‍ നടുമ്പോള്‍ ഒരു പാട് പക്ഷികളും ജീവികളും വരും, പുഴയില്‍ മല്‍സ്യങ്ങള്‍ സമൃദ്ധമാവും, പുഴക്കരകളിലെ കോളനികളിലേക്ക് ജീവിതം പറിച്ചെറിയപ്പെട്ട അടിസ്ഥാന വര്‍ഗത്തില്‍പെട്ട മനുഷ്യര്‍ക്ക് ഭക്ഷണത്തിനുള്ള വകയാവും, കണ്ടലുകള്‍ വെട്ടി വിറകുകളാക്കാനും കഴിയും എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ആശയങ്ങള്‍. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പം തിരിച്ചു പിടിക്കാനുള്ള വഴി കൂടിയായിരുന്നു അദ്ദേഹത്തിന് കണ്ടല്‍ക്കാടുകള്‍. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്ക് തുടര്‍ച്ച സൃഷ്ടിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അടിസ്ഥാന വിഭാഗത്തില്‍പെട്ട മനുഷ്യരുടെ ജീവിതങ്ങളില്‍ മാറ്റം വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടിയായിരുന്നു അദ്ദേഹത്തിന് പരിസ്ഥിതി പ്രവര്‍ത്തനം'-ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരനും ചലച്ചിത്രകാരനുമായ രൂപേഷ് കുമാര്‍ പറയുന്നു. കല്ലേന്‍ പൊക്കുടന്റെ ഇത്തരത്തിലുള്ള വേറിട്ട പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് അതിന് തുടര്‍ച്ച സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ പിന്‍മുറക്കാര്‍ ആരംഭിച്ചത്.
ഈ മാസം 27ന് ഉച്ചക്ക് രണ്ടു മണിക്ക് കണ്ണൂര്‍ ജവഹര്‍ പബ്ലിക് ലൈബ്രറിയിലാണ് കല്ലേന്‍ പൊക്കുടന്റെ പരിനിര്‍വാണ ദിനം ആചരിക്കുന്നത്. ടി.വി. രാജേഷ് എം എല്‍ എ ഉത്ഘാടനം ചെയ്യും. നരവംശ ശാസ്ത്രജ്ഞ ആയ ഡോ. വിനീത മേനോന്‍, ദളിത് ചിന്തകന്‍ ഡോ. കെ എസ് മാധവന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. കെ. മനോജ് എന്നിവര്‍ പരിസ്ഥിതി, ദളിത് ജീവിതം, രാഷ്ട്രീയം എന്നിവയെക്കുറിച്ചു സംസാരിക്കും. ഈ പരിപാടിയില്‍വെച്ച് കണ്ടല്‍ സ്‌കൂളിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കും.
