കോട്ടയം: യുഡിഎഫ് വിടുന്നുവെന്ന് പ്രഖ്യാപനം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയതയും പരിഹാസവും കൂടിക്കലര്‍ന്ന വാക്കുകളുമായി കെ എം മാണി. സഹിച്ചും ക്ഷമിച്ചുമൊക്കെ ഇത്രയും കാലം പിടിച്ചു നിന്നു. ആരെയും ശപിച്ചല്ല പോകുന്നത്, യുഡിഎഫിന് നന്മ നേരുന്നുവെന്നും മാണി പറഞ്ഞു. ഈ തീരുമാനം നേരത്തെ എടുക്കേണ്ടിയിരുന്നു, ക്ഷമയുടെ നെല്ലിപ്പലകയും കഴിഞ്ഞു തുടങ്ങിയ വാക്കുകളും മാണി ആവര്‍ത്തിച്ചു.

യുഡിഎഫിൽ തിരിച്ചുവരണമെന്ന ചിന്ത തന്നെ തങ്ങൾക്കില്ലെന്നും കേരള കോൺഗ്രസിന് മികച്ച ഭാവിയെന്നും മാണി പ്രത്യാശപ്രകടിപ്പിച്ചു. പാ‍ർട്ടിയെ കടന്നാക്രമിക്കാൻ കോൺഗ്രസ് ബോധപൂർവ്വം ശ്രമിച്ചു, പാർട്ടിയെയും പാർട്ടി നേതാവിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു, കോൺഗ്രസ് നേതൃത്വത്തിലെ ചില വ്യക്തികളാണ് പ്രശ്നക്കാർ തുടങ്ങി അക്കമിട്ട് കുറ്റങ്ങളും മാണി നിരത്തി.

കേരളാ കോണ്‍ഗ്രസിനെ സുന്ദരിയായ പെണ്‍കുട്ടിയെന്നാണ് മാണി വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളെല്ലാം നല്ലവരാണെന്നും അവരൊക്കെ വലിയവരാണെന്നും ഞങ്ങള്‍ മാത്രമാണ് മോശക്കാരെന്നും പത്രലേഖകരുടെ ചോദ്യത്തിന് പരിഹാസ രൂപത്തില്‍ മറുപടി പറഞ്ഞായിരുന്നു മൂന്നു പതിറ്റാണ്ടത്തെ ബന്ധം അവസാനിപ്പിച്ച് മാണിയുടെ പടിയിറക്കം.