അമേരിക്കയും ഇന്ത്യയും തമ്മില്‍ സമയത്തില്‍ 12 മണിക്കൂര്‍ വ്യത്യാസമുള്ളതിനാല്‍ അവിടെയിരുന്ന് ഭരണം നിയന്ത്രിക്കാന്‍ മനോഹര്‍ പരീക്കര്‍ക്ക് സാധിക്കുന്നുണ്ടെന്നാണ് ബിജെപി പറയുന്നത്
പനാജി: ഈ വര്‍ഷം ഇത് മൂന്നാം വട്ടമാണ് ചികിത്സ ആവശ്യത്തിന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ യുഎസിലേക്ക് പോകുന്നത്. ഇതോടെ വലിയ വിമര്‍ശനമാണ് അദ്ദേഹത്തിനും ബിജെപിക്കും ഗോവയില്‍ നേരിടേണ്ടി വരുന്നത്. ഇക്കാര്യത്തില്‍ ബിജെപി അവസാനം പ്രതികരണവുമായി രംഗത്ത് വന്നു.
അമേരിക്കയും ഇന്ത്യയും തമ്മില്‍ സമയത്തില്‍ 12 മണിക്കൂര്‍ വ്യത്യാസമുള്ളതിനാല്‍ അവിടെയിരുന്ന് ഭരണം നിയന്ത്രിക്കാന്‍ മനോഹര്‍ പരീക്കര്‍ക്ക് സാധിക്കുന്നുണ്ടെന്നാണ് ബിജെപി പറയുന്നത്. കൂടാതെ, ഇവിടെ രാത്രിയാകുമ്പോള്‍ അവിടെ പകല്‍ ആണെന്നത് മെച്ചപ്പെട്ട ഭരണം നടത്തുന്നതിന് സഹായകമാകുന്നുണ്ടെന്നും ബിജെപി വക്താവ് സിഥാര്‍ഥ് കുന്‍കോളിനേക്കര്‍ പറഞ്ഞു.
ഫലത്തില്‍ ഇപ്പോള്‍ 24 മണിക്കൂറും അദ്ദേഹം കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഒരുതരത്തിലുള്ള ഭരണകാര്യങ്ങളും നിര്‍ത്തിവെച്ചിട്ടില്ല. പഴയ വേഗത്തില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാന്‍ക്രിയാസിലെ കാന്‍സറിനുള്ള വിദഗ്ധ ചികിത്സയ്ക്കായാണ് പരീക്കര്‍ യുഎസിലേക്ക് പോയതെന്ന് മുതിര്‍ന്ന മന്ത്രിമാര്‍ പറഞ്ഞു.
യുഎസിലേക്ക് കഴിഞ്ഞ മാസം 30നാണ് അദ്ദേഹം പോയത്. നേരത്തെ, ഈ വര്‍ഷം ആദ്യം പാന്‍ക്രിയാസിലെ അസുഖത്തിന് മൂന്ന് മാസത്തെ ചികിത്സ നടത്തിയതിന് ശേഷം ജൂണിലാണ് അദ്ദേഹം തിരിച്ചെത്തിയത്. അതിന് ശേഷം ഓഗസ്റ്റ് ആദ്യം വീണ്ടും ചികിത്സയ്ക്കായി അദ്ദേഹം യുഎസില്‍ പോയി.
തിരിച്ചെത്തിയ ശേഷം ആരോഗ്യ പരിശോധനയ്ക്ക് മുംബെെയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷം തുടര്‍ ചികിത്സയ്ക്കായി 30ന് പുലര്‍ച്ചെ മുംബെെയില്‍ നിന്നുള്ള വിമാനത്തിലാണ് അദ്ദേഹം യുഎസിലേക്ക് തിരിച്ചത്. എട്ട് ദിവസത്തിന് ശേഷം അദ്ദേഹം തിരിച്ചെത്തുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നത്. മുഖ്യമന്ത്രി സ്ഥിരമായി വിദേശത്ത് ആയതിനാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ട് കഴിഞ്ഞു.
