ഖത്തര്‍ പ്രതിസന്ധിക്കു പരിഹാരം തേടിയുള്ള കുവൈത്തിന്റെ മധ്യസ്ഥശ്രമങ്ങള്‍ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ. ജി.സി.സി രാജ്യങ്ങളുടെ ഐക്യം നിലനിര്‍ത്താന്‍, അംഗരാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന സംവാദം പുനഃരാരംഭിക്കണമെന്ന് വിവിധ ലോകനേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതിസന്ധി പരിഹരിക്കാന്‍ കുവൈറ്റ് അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളാണ് പ്രശംസിച്ചത്. അമീര്‍ സ്വകാര്യ സന്ദര്‍ശനത്തിനായി കഴിഞ്ഞ മാസം 25മുതല്‍ ഇന്ത്യയിലാണെങ്കിലും കുവൈറ്റ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ഷേഖ് മുഹമ്മദ് അല്‍ അബ്ദുള്ള അല്‍ മുബാറക് അല്‍ സാബാ വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തുകയാണ്. മേഖലയില്‍ ഉടലെടുത്ത വിഷയങ്ങള്‍ പ്രമുഖ രാജ്യങ്ങളെ ധരിപ്പിക്കുയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രിയുടെ സന്ദര്‍നം. ബുധനാഴ്ച അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായും, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസുമായും വ്യാഴാഴ്ച, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറീസ് ജോണ്‍സണുമായും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യവെസ് ലെ ഡ്രിയാനെയും ഷേഖ് മൊഹമ്മദ് സന്ദര്‍ശിച്ചിരുന്നു.
ഇന്നലെ മന്ത്രി ബെര്‍ലിനിലെത്തി ജര്‍മന്‍ വിദേശകാര്യവകുപ്പ് മന്ത്രി സിഗ്മര്‍ ഗബ്രിയേലിനെയും കാര്യങ്ങള്‍ ധരിപ്പിച്ചു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ കുവൈറ്റ് നടത്തുന്ന ശ്രമങ്ങളെ അനുക്കൂലിച്ച ലോകനേതാക്കള്‍, എല്ലാ പിന്തുണയും കുവൈത്തിന് വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
