പുതിയ യുദ്ധമുഖം തുറക്കുന്നതോടെ ഈ ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലുണ്ടായ തിരിച്ചടികളെ മറികടക്ക്‌നാകുമെന്നും 2013ല്‍ തയാറാക്കിയ മാര്‍ഗരേഖ വിലയിരുത്തുന്നു. ശക്തമായ വിപ്ലവ മുന്നേറ്റത്തിനായി പശ്ചിമഘട്ടത്തില്‍ ത്യാഗത്തിന് സന്നദ്ധരാകാന്‍ ആഹ്വാനം ചെയ്താണ് മാര്‍ഗനിര്‍ദേശങ്ങളുടെ തുടക്കം.  സ്വാധിന മേഖലകളില്‍  ശത്രുവിന്റെ കേന്ദ്രീകൃത നീക്കങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ജനകീയ പിന്തുണ ഉറപ്പാക്കിയും തന്ത്രപരമായി  തിരിച്ചടിച്ചും പുതിയ യുദ്ധമേഖല തുറന്ന് പോരായ്മകളെ മറികടക്കാനാണ് പശ്ചിമഘട്ട മേഖലാ കമ്മിറ്റിയോട് നിര്‍ദേശിക്കുന്നത്.  

ഇതിനായി മാവോയിസ്റ്റ് നേതാക്കളടങ്ങുന്ന സേന കര്‍ണാടകയിലെ മലനാട് മേഖലയിലേക്ക് താവളം മാറ്റിയതായി സി.സി രേഖയില്‍ വ്യക്തമാക്കുന്നു. സായുധകലാപത്തിന് ശേഷിയുള്ള കൂടുതല്‍ ഇടങ്ങള്‍ തുറക്കുന്നതോടെ ഭരണകൂടത്തിന് ഒരിടത്തും ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ വരുമെന്നും ഇത് സായുധ വിപ്ലവത്തിലൂടെ ജനകീയ വിമോചനമെന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം എളുപ്പമാക്കുമെന്നും കണക്കുകൂട്ടുന്നു. ഒപ്പം പശ്ചിമഘട്ടത്തില്‍ സ്തംഭനാവസ്ഥയെ മറികടക്കാന്‍ കേരളത്തിലടക്കം നഗരകേന്ദ്രീകൃതമായ പ്രവര്‍ത്തനത്തിലും കേഡര്‍ റിക്രൂട്ട്‌മെന്റിലും ശ്രദ്ധ കേന്ദ്രീകരിക്കണം.  

നേതാക്കളെ നഷ്ടപ്പെട്ടതടക്കം വലിയ നഷ്ടങ്ങള്‍ കര്‍ണാടക മലനാട് മേഖലയില്‍ ഉണ്ടായ സാഹചര്യത്തില്‍ ഒറ്റുകാര്‍ക്കും അവസരവാദ നിലപാടുകാര്‍ക്കുമെതിരെ വേഗത്തില്‍ നടപടികളെടുക്കണം.  ആക്രമണങ്ങളോട് തിരിച്ചടിക്കുക മാത്രമാണ് സേനയെ നിലനിര്‍ത്താനുള്ള ഏകമാര്‍ഗം.  തിരിച്ചടി നേരിട്ട മറ്റിടങ്ങളില്‍ പൊലീസിനെയും മറ്റും ആക്രമിച്ചുള്ള ആയുധശേഖരണം നിലച്ചതിനാല്‍ പശ്ചിമഘട്ട മേഖലാ കമ്മിറ്റിക്ക് ഈ ചുമതലയും നല്‍കുന്നുണ്ട്.  

സംഘടനയുടെ വിനിമയ സംവിധാനങ്ങള്‍ക്ക് മറ്റ് സംഘടനാ ചുമതലകള്‍ ഒവിവാക്കി പ്രത്യേകം കേഡര്‍മാരെ നിയോഗിക്കണമെന്നും,  പാര്‍ട്ടിയുടെ സൈനിക നയം നടപ്പാക്കാന്‍ ഗറില്ലാ സേനകള്‍ക്ക് പരിശീലനം നല്‍കുന്നതില്‍ വിട്ടുവീഴ്ച്ചയുണ്ടാകരുതെന്നും നിര്‍ദേശിക്കുന്നു. ഇതോടൊപ്പം കൂടുതല്‍ പിഴവുകളും പഴുതുകളും ഒഴിവാക്കാന്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുതെന്നും, നേതാക്കളുമായി നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.  

ഇത്തരം നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ദുര്‍ഘടമെന്ന് വിശേഷിപ്പിക്കുന്നഹ, ഒറ്റപ്പെട്ട ശേഷികുറഞ്ഞ പശ്ചിമഘട്ടം പോലെ ചെറിയ പോക്കറ്റില്‍ നിലനില്‍ക്കാനാവില്ലെന്നാമ് മുന്നറിയിപ്പ്. ഗറില്ലാ രീതികള്‍ക്കൊപ്പം വിപ്ലവത്തിനെതിരായ സൈനിക നടപടികള്‍, എല്‍.ഐ.സി പേപ്പര്‍ എന്നിവയും പഠിക്കാന്‍ ആഹ്വാനം ചെയ്യുന്നതിലൂടെ സൈന്യമെന്ന നിലയില്‍ സുസജ്ജമാകാനുള്ളതാണ് മാര്‍ഗ നിര്‍ദേശങ്ങളെന്ന് ചുരുക്കം.
ഈ നിര്‍ദേശങ്ങളുടെ നടപ്പാക്കലായിരുന്നു പശ്ചിമഘട്ട സോണല്‍ ക്യാംപയിന്‍ എന്ന പേരില്‍ കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടെ നടന്ന അക്രമ സംഭവങ്ങളെന്ന് തെളിയിക്കാനാണ് നിലമ്പൂര്‍ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കോടതികളില്‍ പൊലീസ് ശ്രമിക്കുക. ഒപ്പം രാജ്യത്ത് ഇതുവരെയുണ്ടായ മാവോവാദി ആക്രമണങ്ങളുടെ പൊതുചിത്രവും.