മാവോയിസ്റ്റ് ഭീഷണിയിൽ പുതുപാടി ഗ്രാമം

കോഴിക്കോട്: ഏത് നിമിഷവും മാവോയിസ്റ്റുകൾ എത്തുമെന്ന ഭീതിയിലാണ് കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമവാസികൾ. മട്ടികുന്ന് കുഞ്ഞുമോന്റെ വീട്ടിലാണ് ഏറ്റവും ഒടുവിൽ മാവോയിസ്റ്റുകൾ എത്തിയത്.

കണ്ണപ്പൻകുണ്ട് മേൽഭാഗത്ത് ഒരാഴ്ച്ചക്കിടെ മൂന്ന് തവണ മാവോയിസ്റ്റുകൾ എത്തി. മട്ടിക്കുന്ന് രാഘവൻ, കുഞ്ഞുമോൻ എന്നിവരുടെ വീടുകളിലാണ് സംഘം എത്തിയത്. ഒരു പുരുഷനും മൂന്ന് സ്ത്രീകളും അടങ്ങുന്ന സംഘം രാത്രിയാണ് എത്തിയതെന്ന് വീട്ടുകാർ പറയുന്നു. ഭക്ഷണം കഴിച്ചും മൊബൈൽ ഫോൺ ചാർജ് ചെയ്തും മണിക്കൂറുകളോളം വീട്ടിൽ തങ്ങി.

കണ്ണപ്പൻകുണ്ട് ടൗണിൽ നിന്നും മൂന്ന് കിലോ മീറ്ററോളം ദൂരെയാണ് മാവോയിസ്റ്റുകൾ എത്തുന്ന മട്ടികുന്ന് പ്രദേശം. വനാതിർത്തിയോട് ചേർന്ന ഈ കുന്നിൻമുകളിൽ വീടുകൾ വളരെ കുറവ്. മാവോയിസ്റ്റുകൾ എത്തിയാൽ വിവരം അറിഞ്ഞ് നാട്ടുകാർക്ക് ഇവിടെ എത്തിചേരാനും ആവില്ല.

കാട്ടുതീ മാസികയും നോട്ടിസും മാവോയിസ്റ്റുകൾ വീട്ടുകാർക്ക് നല്‍കിയിരുന്നു. മാവോയിസ്റ്റുകളായ സുന്ദരി, ശ്രീമതി,ഉണ്ണിമായ, സോമൻ എന്നിവരാണ് സംഘത്തിലുള്ളതെന്നാണ് പൊലീസ് നൽകുന്ന വിവരം. പൊലീസിന്റെയും തണ്ടർബോൾട്ടിന്റെയും നിരീക്ഷണത്തിലാണ് പ്രദേശം.