Asianet News MalayalamAsianet News Malayalam

ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ എത്തുന്നു; തെരച്ചില്‍ തണ്ടര്‍ബോള്‍ട്ട് ശക്തമാക്കി

മാവോയിസ്റ്റുകളായ വിക്രം ഗൗഡ, യോഗേഷ്, രേഷ്മ എന്ന ഉണ്ണിമായ എന്നിവരാണ് എത്തിയതെന്നാണ് പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്. അളയ്ക്കല്‍ ആദിവാസി കോളനിക്ക് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പുഞ്ചക്കൊല്ലി കോളനിയില്‍ രണ്ടാഴ്ച മുമ്പ് മാവോയിസ്റ്റുകളെത്തിയിരുന്നു

maoists comes to nilambur forest
Author
Nilambur, First Published Dec 12, 2018, 10:15 PM IST

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരിലെ ഉള്‍വനങ്ങളില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ തണ്ടര്‍ബോള്‍ട്ട് ശക്തമാക്കി. ആദിവാസി കോളനികളില്‍ മാവോയിസ്റ്റുകള്‍ തുടര്‍ച്ചയായെത്തുന്ന സാഹചര്യത്തിലാണ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ നിലമ്പൂര്‍ അളയ്ക്കല്‍ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു.

ആയുധങ്ങളും കൈവശം ഉണ്ടായിരുന്നു. ആദിവാസികളെ പങ്കെടുപ്പിച്ച് അര മണിക്കൂറോളം യോഗവും ഇവര്‍ ചേര്‍ന്നു. പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള റബര്‍ എസ്റ്റേറ്റിലെ കൂലി 800 രൂപയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആദിവാസികളോട് ആവശ്യപ്പെട്ടാണ് മാവോയിസ്റ്റുകള്‍ മടങ്ങിയത്.

നാടുകാണി ദളത്തിന്‍റെ പേരിലുള്ള പോസ്റ്ററുകളും പതിച്ചു. മാവോയിസ്റ്റുകളായ വിക്രം ഗൗഡ, യോഗേഷ്, രേഷ്മ എന്ന ഉണ്ണിമായ എന്നിവരാണ് എത്തിയതെന്നാണ് പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്. അളയ്ക്കല്‍ ആദിവാസി കോളനിക്ക് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പുഞ്ചക്കൊല്ലി കോളനിയില്‍ രണ്ടാഴ്ച മുമ്പ് മാവോയിസ്റ്റുകളെത്തിയിരുന്നു.

ഇവിടെ കടുവാ നിരീക്ഷണത്തിനായി സ്ഥാപിച്ചിരുന്ന ക്യാമറകളും അന്ന് നഷ്ടപ്പെട്ടു. പെരിന്തല്‍മണ്ണ ഡിവെെഎസ്പി എം പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വനത്തിനുള്ളില്‍ തെരച്ചില്‍ തുടരുന്നത്. കരുളായി, കാളികാവ് റേഞ്ച് ഓഫീസുകള്‍ക്ക് കീഴിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 

Follow Us:
Download App:
  • android
  • ios