പൊലീസ് പിടിച്ചെടുത്ത പെന്‍ഡ്രൈവുകളിലുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നിലമ്പൂരില്‍ പരീശീലനം നടത്തിയ മാവോയിസ്റ്റു സംഘത്തിന്റെ കൈവശം എ.കെ 47 തോക്ക് അടക്കമുള്ള ആയുധങ്ങളുണ്ടായിരുന്നുവെന്ന പൊലീസ് വാദത്തെ ശരിവെക്കുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങള്‍. പച്ച യൂണിഫോം ധരിച്ചാണ് പീപ്പീള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മ്മി പരിശീലനം നടത്തുന്നത്. കൊല്ലപ്പെട്ട കുപ്പുദേവരാജും അജിതയും ഇത് വീക്ഷിക്കുന്നു. 14 അംഗങ്ങളടങ്ങിയ സംഘത്തിലെ പരിശീലന തലവന്റെ കൈവശവും കുപ്പുദേവരാജിന്റെ കൈവശവും എ.കെ 47 തോക്കുകളുണ്ട്. മറ്റുള്ളവരുടെ കൈവശം സാധാരണ തോക്കുകളാണ്. സൈന്യത്തിന്റെ മാതൃകയില്‍ തോക്കേന്തി മാര്‍ച്ച്പാസ്റ്റ് നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

മാവോസ്റ്റ് സംഘം പെരുമ്പാമ്പിനെ കീറി തോല്‍മാറ്റുന്നതിന്റെ ദൃശ്യവും രാഷ്‌ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുന്ന നാടകത്തിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. പരിശീലന സംഘത്തിലുള്ളവരില്‍ അധികവും തമിഴ്നാട്ടില്‍ നിന്നുള്ളവരാണെന്നാണ് പൊലീസിന്റെ നിഗമനം. ഫോട്ടയില്‍ സോളാര്‍ പാനലടക്കം കാണുന്നതിനാല്‍ ഇത് നിലമ്പൂരില്‍ നിന്നുള്ളത് തന്നയാണെന്ന സംശയത്തിലാണ് പൊലീസ്. പിടിച്ചെടുത്ത 36 പെണ്‍ഡ്രൈവുകളില്‍ നിന്നും മാവോസ്റ്റ് പ്രവര്‍ത്തനത്തെകുറിച്ച് കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.