1986 ജൂണ്‍ 22ന് ഒരുലക്ഷത്തി പതിനാലായിരം കാണികളെ സാക്ഷിനിര്‍ത്തി മെക്‌സിക്കോയിലെ അസ്തെക്ക സ്റ്റേഡിയത്തില്‍ ദീഗോ മറഡോണ ഇംഗ്ലണ്ടിനെതിരെ നേടിയ ഗോള്‍

ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ മാങ്ങാട് രത്നാകരൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പത്ത് ലോകകപ്പ് ഗോളുകളെക്കുറിച്ച് എഴുതുന്നു.

മുഖവുര വേണ്ടാത്ത ഒരു ഗോള്‍. ഒരുപക്ഷേ, ഒരേയൊരു ഗോള്‍. നൂറ്റാണ്ടിന്‍റെ ഗോള്‍. സാക്ഷാല്‍ ദീഗോ മറഡോണയുടെ ഗോള്‍. 1930 ലോകകപ്പു മുതല്‍ ഈ ലോകകപ്പ് വരെ ഗോള്‍വലകളില്‍ നിറഞ്ഞ രണ്ടായിരത്തി നാനൂറിലേറെ ഗോളുകളില്‍ ഏറ്റവും അറിയപ്പെടുന്ന ഗോള്‍. ഫിഫ തന്നെയും നൂറ്റാണ്ടിന്റെ ഗോളായി തെരഞ്ഞെടുത്ത ഗോള്‍.

1986 ജൂണ്‍ 22ന് ഒരുലക്ഷത്തി പതിനാലായിരം കാണികളെ സാക്ഷിനിര്‍ത്തി മെക്‌സിക്കോയിലെ അസ്തെക്ക സ്റ്റേഡിയത്തില്‍ ദീഗോ മറഡോണ ഇംഗ്ലണ്ടിനെതിരെ നേടിയ ഗോള്‍. വിവാദവിഷയമായ 'ദൈവത്തിന്‍റെ കൈ' ഗോള്‍ നേടി നാലു മിനുട്ടിന് ശേഷമായിരുന്നു ആ ഗോള്‍. മൈതാനമധ്യത്തില്‍ നിന്ന് കാലില്‍ കൊരുത്ത പന്തുമായി ഇംഗ്ലണ്ടിന്‍റെ പ്രതിരോധനിരയിലെ അഞ്ചുപേരെ മറികടന്ന് ഒടുവില്‍ ലോകോത്തര ഗോളി പീറ്റര്‍ ഷില്‍ട്ടണേയും കബളിപ്പിച്ച് നേടിയ ഗോള്‍.

ചരിത്രം കൂടി നൂറ്റാണ്ടിന്റെ ഗോളില്‍ സ്‌പന്ദിക്കുന്നു. ബ്രിട്ടന്‍ ഫോക്‍ലാന്‍ഡ്സിനെ ആക്രമിച്ചതിന് ഫുട്ബോളിലൂടെയുള്ള മറുപടിയായി ആ ഗോള്‍ വ്യാഖ്യാനിക്കപ്പെട്ടു. ആ ഗോളിന്‍റെ വഴിയിലൂടെയുള്ള മറഡോണയുടെ യാത്ര അവസ്സാനിച്ചത് ലോകകപ്പ് എന്ന സ്വപ്നസാക്ഷാത്കാരത്തിലാണ്.