ദില്ലി: സ്ത്രീകൾക്കെതിരെയുളള അതിക്രമം വർദ്ധിക്കുന്ന സാഹചര്യത്തിലും പുരുഷൻമാർക്ക് അനുകൂലമായി കേന്ദ്രസർക്കാറിൻ്റെ നിലപാട്.വിവാഹിതർക്കിടയിലെ ബലാത്സംഗം ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലെ സാമൂഹിക, സാമ്പത്തിക സാഹചര്യത്തിൽ ഇത്തരമൊരു നിയമം കൊണ്ടുവന്നാൽ അത് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുമെന്ന് കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭർത്താക്കൻമാർ ഭാര്യയെ ശാരീരികമായി പീഡിപ്പിക്കുന്നത് ക്രിമിനൽകുറ്റമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിലെ ചില വനിതാ സംഘടനകൾ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യൻ പീനൽ കോഡിലെ 375-ാം വകുപ്പ് പ്രകാരം 15 വയസ്സിന് മുകളിൽ പ്രായമുള്ള ഭാര്യയുമായുള്ള പുരുഷൻ്റെ ലൈംഗീകബന്ധം ബലാത്സംഗത്തിൻ്റെ പരിധിയിൽ വരില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അതേസമയം വനിതാസംഘടനകളുടെ ഹർജിയെ ചോദ്യംചെയ്തു കൊണ്ട് മറ്റൊരു സന്നദ്ധസംഘടന സമർപ്പിച്ച ഹർജിയും ദില്ലി ഹൈക്കോടതി സ്വീകരിച്ചിട്ടുണ്ട്.
