ഒമ്പത് വയസ്സുകാരിയുള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ ഒരു സംഘം യുവാക്കള്‍ മര്‍ദ്ധിച്ചതായി പരാതി.കല്യാണത്തിന് അകമ്പടിയായി ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാക്കളാണ് മര്‍ദ്ധനം അഴിച്ചുവിട്ടത്.

കല്യാണത്തിന് അകമ്പടിയായി പോകുന്ന ബൈക്ക് വ്യൂഹം റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചപ്പോള്‍ ചോദ്യം ചെയ്തതിനാണ് കുറ്റിപ്പുറം മാണൂരില്‍വച്ച് ഒരു കുടുംബത്തിലെ നാലുപേരെ മര്‍ദ്ധനത്തിനിരയാക്കിയതായി പരാതിയില്‍ പറയുന്നത്. ബുധനാഴ്ച്ച വൈകുന്നേരം ഈ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം യുവാക്കള്‍ കടത്തി വിടാത്തതിനെ ചെല്ലിയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.വാഹനത്തിലുണ്ടായിരുന്ന 9 വയസ്സുകാരിയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി സ്വദേശികളായ ഫാത്തിമഷബ്‌ന, ബീമകുട്ടി, ആമിനകുട്ടി, സിബിലാല്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഇത് തടയാനെത്തിയ സിബിലാലിനെ യുവാക്കളുടെ സംഘം വളഞിട്ട് തല്ലി.ഇയാളുടെ കഴുത്തിനും,കണ്ണിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ സ്ത്രീകളടക്കമുള്ളവര്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പരാതിയെ തുടര്‍ന്ന് പൊന്നാനി പൊലീസ് കേസേടുത്ത് അന്വേഷണം ആരംഭിച്ചു.