പത്തനംതിട്ട: വിവാഹതട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെട്ട യുവാവ് വെളിപ്പെടുത്തലുമായി രംഗത്ത്. വിവാഹം കഴിച്ചശേഷം തന്‍റെ പണം തട്ടി മുങ്ങുകയും ചെയ്‌തുവെന്ന മുംബൈ സ്വദേശിനിയുടെ ആരോപണത്തിന്‌ മറുപടിയുമായി വള്ളിക്കോട്‌ സ്വദേശി രംഗത്ത് എത്തിയിരിക്കുന്നത്. ആരോപണം ഉന്നയിക്കുന്ന അശ്വിന്തര്‍ കൗര്‍ എന്ന യുവതി തന്നെയാണ്‌ കബളിപ്പിച്ചതെന്ന്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. 

ഇവരുടെ ആദ്യവിവാഹം മറച്ചു വച്ചാണ്‌ താനുമായി വിവാഹം നടന്നത്‌. ഇതിനു പുറമേ, നിരവധി പുരുഷന്‍മാരുമായി ഇവര്‍ക്ക ബന്ധമുണ്ടായിരുന്നുവെന്നും ആരോപിച്ചു. തന്നെ കബളിപ്പിച്ച യുവാവിനെ തേടി വന്നതാണെന്ന്‌ പറഞ്ഞ്‌ കഴിഞ്ഞയാഴ്‌ചയാണ്‌ മുംബൈ സ്വദേശിനി അശ്വിന്തര്‍ കൗര്‍ മാധ്യമങ്ങളെ കണ്ടത്‌. 

വള്ളിക്കോട്‌ സ്വദേശിയായ ഭര്‍ത്താവ്‌ തന്നെ വഞ്ചിച്ച്‌ പണം തട്ടിയെടുത്തശേഷം മുങ്ങിയെന്നായിരുന്നു അശ്വിന്തര്‍ കൗറിന്‍റെ ആരോപണം. ഇതിനുള്ള മറുപടിയുമായി ഇന്നലെ വള്ളിക്കോട്‌ സ്വദേശി മാധ്യമങ്ങളെ കണ്ടത്‌. അശ്വിന്തര്‍ നിരവധി പുരുഷന്മാരുമായി ബന്ധം പുലര്‍ത്തിയതായും പലരില്‍നിന്നും പണംവാങ്ങി കബളിപ്പിച്ചതായും അറിയാന്‍ കഴിഞ്ഞുവെന്ന്‌ വള്ളിക്കോട്‌ സ്വദേശി വ്യക്‌തമാക്കി. 

അശ്വിന്തര്‍ എച്ച്‌.ഡി.എഫ്‌.സിയില്‍നിന്നും എടുത്ത അഞ്ച്‌ ലക്ഷം രൂപ ലോണ്‍ താന്‍ തിരിച്ചടയ്‌ക്കുകയാണെങ്കില്‍ കേസും മറ്റ്‌ പ്രശ്‌നങ്ങളും ഉണ്ടാക്കാതെ പരസ്‌പര ധാരണയില്‍ ബന്ധം വേര്‍പെടുത്താമെന്ന്‌ ഒടുവില്‍ അവര്‍ സമ്മതിച്ചു. ഇതിനാല്‍ കഴിഞ്ഞ ഡിസംബര്‍ അഞ്ചിന്‌ അടവ് തുകയുടെ തുല്യമായ 38 ചെക്ക്‌ അശ്വിന്തറിനു കൊടുത്തു. 

തിരികെ പോകുകയാണെന്ന വ്യാജേന പന്തളത്തെത്തിയ ഇവര്‍ എല്ലാ ചെക്കുകളും പിതാവിന്‍റെ പേരില്‍ മുംബൈയിലേക്ക്‌ കൊറിയര്‍ അയച്ചു. അതിനുശേഷം ട്രെയിന്‍ ടിക്കറ്റ്‌ കണ്‍ഫോം ആയില്ല എന്ന്‌ തെറ്റിദ്ധരിപ്പിച്ചു തന്‍റെ വീട്ടില്‍ തിരികെ എത്തി.

ചെക്കുകള്‍ മുംബൈയിലെ അഡ്രസില്‍ കിട്ടിയെന്ന്‌ ഉറപ്പായപ്പോള്‍ അശ്വിന്തര്‍ പോലീസില്‍ തനിക്കെതിരേ കേസ്‌ കൊടുക്കുകയായിരുന്നു. കുടുംബ കോടതിയില്‍ അശ്വിന്തറിനെതിരേ താനും കേസ്‌ ഫയല്‍ ചെയ്‌തു.