ദില്ലി: ദളിത് മിശ്രവിവാഹങ്ങള്‍ക്ക് നല്‍കുന്ന സഹായധനം ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. നേരത്തേ 5 ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുളളവര്‍ക്ക് മാത്രമായിരുന്നു സഹായം നല്‍കിയിരുന്നത്. എന്നാല്‍ ഈ സാമ്പത്തിക പരിധി എടുത്തുകളഞ്ഞിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

2.5 ലക്ഷം രൂപയാണ് സാഹയധനമായി ദമ്പതികള്‍ക്ക് ലഭിക്കുക. ദളിത് മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ 2013 മുതലാണ് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കാന്‍ തുടങ്ങിയത്. ഡോക്ടര്‍ അംബേദ്കര്‍ സ്‌കീം ഫോര്‍ സോഷ്യല്‍ ഇന്റഗ്രേഷന്‍ ത്രൂ ഇന്റര്‍ കാസ്റ്റ് മാരേജ് എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുനന്ത്. 

പുതിയ നിയമപ്രകാരം ഡോ. അബേദ്കര്‍ ഫൗണ്ടേഷന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതികള്‍ക്ക് ആദ്യഘട്ടമായി 1.5 ലക്ഷം രൂപ നല്‍കും. ബാക്കി ഒരു ലക്ഷം രൂപ ഇരുവരുടെയും സംയുക്ത ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് ഇരുവര്‍ക്കും ഈ തുക പിന്‍വലിക്കാം. 

ഓരോ വര്‍ഷവും 500 ദമ്പതികള്‍ക്കാണ് സഹായധനം നല്‍കാന്‍ വ്യവസ്ഥയുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷം 116 പേര്‍ മാത്രമാണ് ഈ സഹായം ഏറ്റുവാങ്ങിയത്. 2013ല്‍ ഇത് 5 പേര്‍ മാത്രമായിരുന്നു.