ലകനൗ: യുപിയില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം തുടരുന്ന ബിജെപിക്കൊപ്പം ഭാഗ്യവും തുണയായി. മഥുര 56ാം വാര്‍ഡില്‍ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിച്ചപ്പോള്‍ ഭാഗ്യം ബിജെപിക്കൊപ്പം. ബിജെപി-കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ 874 വോട്ടുകള്‍ വീതം നേടി. ഇതോടെ വിജയിയെ തീരുമാനിക്കാന്‍ നറുക്കെടുപ്പ് നടത്തുകയായിരുന്നു. തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ഥി മീര അഗര്‍വാള്‍ വിജയം കണ്ടു. ഫലം പുറത്തുവന്ന ശേഷം തുള്ളിച്ചാടി ആഘോഷിക്കുന്ന മീരയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണിപ്പോള്‍.
നേരത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട അമേത്തി നഗര്‍ പഞ്ചായത്തില്‍ ബിജെപി വിജയം നേടിയിരുന്നു. ബിജെപിയുടെ ചന്ദ്രിമ ദേവിയാണ് അട്ടിമറി വിജയം കണ്ടെത്തിയത്. വോട്ടിങ് നിലയില്‍ കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ വിവിധ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കമാണ് പ്രകടമാകുന്നത്. ആകെ 16 കോര്‍പ്പറേഷനുകളില്‍ 652 വാര്‍ഡുകലായി നടന്ന തെരഞ്ഞെടുപ്പില്‍ 13 കോര്‍പ്പറേഷനുകളില്‍ ഇടങ്ങളിലും ബിജെപി മുന്നേറുകയാണ്. രണ്ടിടങ്ങളില്‍ ബിഎസ്പിയാണ് മുന്നില്‍.
ഇതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 44 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള്‍ 25 സീറ്റുകള്‍ ബിജെപിയും 15 എണ്ണം ബിഎസ്പിയും നാലിടത്ത് കോണ്‍ഗ്രസും വിജയം കണ്ടു. ലക്‌നൗ, ഗാസിയാബാദ്, ഗൊരഖ്പൂര്‍, മീറത്ത് തുടങ്ങിയ 13 കോര്‍പ്പറേഷനില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. പൂര്‍ണമായ വിവരം വൈകുന്നേരത്തോടെ ലഭ്യമാകും.
പത്ത് ദിവസങ്ങള്‍ക്കിടെ മൂന്ന് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്നലെയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ അധികാരമേറ്റെടുത്ത യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ എട്ട് മാസത്തെ ഭരണത്തിനുള്ള വിലയിരുത്തലാവും തിരഞ്ഞെടുപ്പ് ഫലം എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.
ബിജെപിയുടെ പരമ്പരാഗത ശക്തി കേന്ദ്രമായ ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ യുപിയിലെ ഫലം ഗുജറാത്ത് തിരഞ്ഞെടുപ്പിനേയും സ്വാധീനിക്കും എന്നാണ് കരുതുന്നത്. ഉത്തര്‍പ്രദേശിലെ 16 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍, 198 മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍, 438 നഗര്‍ പഞ്ചായത്തുകള്‍ എന്നീ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ആകെ 3.32 കോടി ജനങ്ങളാണ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. 2012-ലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ അന്നുണ്ടായിരുന്ന 12 കോര്‍പ്പറേഷനുകളില്‍ 10 എണ്ണത്തിലും ബിജെപി അധികാരം പിടിച്ചിരുന്നു. മികച്ച വിജയം ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇക്കുറിയും കളത്തിലിറങ്ങിയ ബിജെപിക്ക് വേണ്ടി പ്രചരണം നയിച്ചത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ്.
2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ചെയ്തത് പോലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് യോഗി പ്രചരണത്തിനിടെ ജനങ്ങളോട് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് നടക്കുന്ന 16 ജില്ലകളിലും നേരിട്ട് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി 26 റാലികളിലും പങ്കെടുത്തിരുന്നു.
#WATCH BJP and Congress both got 874 votes in Ward no.56 in Mathura. BJP's Meera Agarwal was declared winner after a lucky draw #UPCivicPolls2017pic.twitter.com/N6QStG3a7F
— ANI UP (@ANINewsUP) December 1, 2017
