ഐരാപുരം: ഭര്‍ത്താവിനെ തേടി ഉത്തര്‍പ്രദേശില്‍ നിന്ന് ഐരാപുരത്തെത്തിയ യുവതിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മഴുവന്നൂര്‍ പഞ്ചായത്ത്. പഞ്ചായത്ത് ഭരണസമിതി പ്രശ്‌നം ചര്‍ച്ച ചെയ്യും. പ്രശ്‌നത്തില്‍ ഇടപെടാത്ത പഞ്ചായത്തിന്റെ നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ യുവതിയും കുഞ്ഞും ഒരു മാസം വീടിന്റെ ടെറസില്‍ താമസിച്ചിട്ടും പഞ്ചായത്ത് സഹായമൊന്നും ചെയ്തില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഭര്‍ത്താവിനെ തേടിയെത്തിയ ജെബീന്‍ ഷേഖിന് അടച്ചുറപ്പില്ലാത്ത സ്ഥലത്ത് താമസിക്കേണ്ടി വന്നിട്ടും സൗകര്യങ്ങളൊരുക്കാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ മനുഷ്യാവകാശ കമ്മീഷനോടടക്കം പരാതി പറഞ്ഞിരുന്നു.
യുവതിക്ക് ഭക്ഷണവും വെള്ളവും വൈദ്യുതിയും ലഭ്യമാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ മഴുവന്നൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍. ഭര്‍തൃവീട്ടുകാരുടെ രാഷ്ട്രീയസ്വാധീനം മൂലം, പഞ്ചായത്തില്‍ നിന്നെത്തിയ ചിലര്‍ തന്നോട് കയര്‍ത്തതായും വീട്ടില്‍ നിന്ന് പിടിച്ചിറക്കാന്‍ ശ്രമിച്ചതായും യുവതിയും പറഞ്ഞു. എന്നാല്‍ പരാതി എഴുതി നല്‍കാത്തത് കൊണ്ടാണ് പ്രശ്‌നത്തില്‍ ഇടപെടാഞ്ഞതെന്നാണ് നേരത്തെ ജെബീനെ സന്ദര്‍ശിച്ച വൈസ് പ്രസിഡന്റ് പറഞ്ഞത്.
എന്നാല്‍ വിമര്‍ശനങ്ങള്‍ ശക്തമായതോടെ പ്രശ്‌നത്തില്‍ ഇടപെടുമെന്നും ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്നും അറിയിച്ച് പ്രസിഡന്റ് അമ്മുക്കുട്ടി സദാനന്ദന്‍ രംഗത്തെത്തി.
അടുത്ത ദിവസം തന്നെ പഞ്ചായത്ത് ഭരണസമിതി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് സൗകര്യങ്ങളൊരുക്കുമെന്നാണ് പ്രസിഡന്റിന്റെ വാഗ്ദാനം.
