തിരുവനന്തപുരം: സ്വാശ്രയ പ്രവേശനത്തിന് നല്‍കേണ്ട ബാങ്ക് ഗ്യാരണ്ടിയ്‌ക്കായുള്ള ഓട്ടത്തിലാണ് ഒരുവിഭാഗം രക്ഷിതാക്കള്‍. ബാങ്ക് വായ്പയ്‌ക്ക് സമാനമായ സംവിധാനമാണ് ബാങ്ക് ഗ്യാരണ്ടി. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവര്‍ക്ക് മാത്രമാണ് ബാങ്കുകള്‍ സാധാരണ ഗ്യാരണ്ടി നല്‍കുന്നത്. സ്വാശ്രയ എംബിബിഎസ് പ്രവേശനത്തിന് അപേക്ഷിച്ചവര്‍ രണ്ടാഴ്ചക്കുള്ളില്‍ അ‌ഞ്ച് ലക്ഷം രൂപയുടെ ഫീസിന് പുറമേ ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഹാജരാക്കണം.

ഈ ബാങ്ക് ഗ്യാരണ്ടി ലഭിക്കുന്നതിനുള്ള കടമ്പകള്‍ നിരവധിയാണ്. ഗ്യാരണ്ടി ലഭിക്കാന്‍ രക്ഷിതാക്കള്‍ ആറ് ലക്ഷത്തിലും കൂടിയ തുകയ്‌ക്കുള്ള സ്വത്തിന്റെ രേഖകള്‍ ബാങ്കില്‍ ഹാജരാക്കണം. അതായത് ആറ് ലക്ഷത്തിനേക്കാള്‍ വില മതിയ്‌ക്കുന്ന വീടോ സ്ഥലമോ പണയം വയ്‌ക്കുന്നതിന് സമം. ഗ്യാരണ്ടി നല്‍കുന്ന തുകയുടെ ഒന്നോ രണ്ടോ ശതമാനം ബാങ്കുകള്‍ സര്‍വീസ് ചാര്‍ജായും ഈടാക്കും.

ഭാവിയില്‍ ഫീസ് 11 ലക്ഷമായി കോടതി നിജപ്പെടുത്തിയാല്‍ ആറ് ലക്ഷം രൂപ ആവശ്യപ്പെട്ട് സ്വാശ്രയ കോളേജുകള്‍ ബാങ്കിന് കത്തയക്കും. ബാങ്ക് കോളേജിന് പണവും കൈമാറും. എന്നാല്‍ ഈ തുക രക്ഷിതാക്കള്‍ ഉടനടി ബാങ്കില്‍ തിരിച്ചടക്കണം. അല്ലാത്തപക്ഷം ബാങ്കിന് ജപ്തിയടക്കമുള്ള നടപടികളിലേക്ക് നീങ്ങാം. തിരിച്ചടയ്‌ക്കാത്ത വായ്പയായാണ് പിന്നീട് ബാങ്ക് ഗ്യാരണ്ടി പരിഗണിക്കുക.

സങ്കീര്‍ണമായ നടപടി ക്രമങ്ങളായതിനാല്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്ക് ബാങ്കുകള്‍ സാധാരണ ഗ്യാരണ്ടി നല്‍കാറില്ല. ഇനി ഗ്യാരണ്ടി ലഭിക്കാമെന്നുള്ള സ്ഥിതിയുണ്ടായാല്‍ തന്നെ താമസിക്കുന്ന വീട് ഈട് നല്‍കി എത്ര പേര്‍ക്ക് ഫീസടക്കാന്‍ കഴിയുമെന്നതാണ് ഉയരുന്ന ചോദ്യം.