കോഴിക്കോട്: വൻതുക കോഴ വാങ്ങി സ്‌പോട്ട് അഡ്‌മിഷനിലൂടെ മെറിറ്റ് അട്ടിമറിച്ച് എം ബി ബി എസ് പ്രവേശനം നൽകാൻ മാനേജ്മെന്റ് ലേലം വിളി. അമിത ഫീസ് താങ്ങാനാകാതെ വീദ്യാർത്ഥികൾ വലയുമ്പോഴാണ് ഇടനിലക്കാരെ ഇറക്കി കോഴിക്കോട് മുക്കം കെഎംസിടി കോളജിന്‍റെ വിലപേശൽ. സാങ്കേതിക കാരണം പറഞ്ഞ് മെറിറ്റുള്ളവരെ ഒഴിവാക്കി കോഴ നൽകുന്നവർക്ക് സീറ്റ് നൽകാമെന്നാണ് മാനേജ്മെന്‍റ് വാഗ്ദാനം.
ഇടിത്തീ പോലെ വന്ന പതിനൊന്ന് ലക്ഷം ഫീസ് താങ്ങാനാകാതെ പലരും ഒരു വശത്ത് സീറ്റ് ഉപേക്ഷിക്കുന്നു, മറുവശത്ത് ഇടനിലക്കാരെ ഇറക്കി വൻ തുക കോഴ വാങ്ങി മെറിറ്റ് അട്ടിമറിക്കുകയാണ് മാനേജ്മെന്‍റുകൾ. ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ മറയാക്കിയാണ് കച്ചവടം. ഇടനിലക്കാരെ കൊണ്ട് രക്ഷിതാക്കൾക്ക് എസ്എംഎസ് അയപ്പിച്ച് വല വിരിക്കുന്നു. എസ്എംഎസ് പ്രകാരം മുക്കം കെഎംസിടി കോളജുമായി ബന്ധമുള്ള ഇടനിലക്കാരനുമായി ഞങ്ങൾ സംസാരിച്ചു.
ഇടനിലക്കാരൻ: കേരള റാങ്ക് വന്നിട്ട് ആറായിരം അല്ലേ?
റിപ്പോർട്ടർ: അതേ
ഇടനിലക്കാരൻ: കോഴിക്കോട് വന്നോളു
റിപ്പോർട്ടർ: അതായത് സീറ്റ് ഉറപ്പ് തന്നെയല്ലേ? ഇല്ലെങ്കിൽ വേറെ നോക്കണം
ഇടനിലക്കാരൻ: സീറ്റ് കണ്‍ഫേമാണ്, സീറ്റ് കണ്‍ഫേമാണ്.
സുപ്രീം കോടതി നിശ്ചയിച്ച ഫീസിന് പുറമേ 11 ലക്ഷം കൂടി കൊടുത്താൽ സീറ്റുറപ്പാകുമെന്നാണ് വാഗ്ദാനം.
ഇടനിലക്കാരൻ: നമ്മളിപ്പം വരുന്നത് ഫീസ് പ്ലസ് പത്ത് ആണ്. ഡൊണേഷൻ പത്ത്, അതങ്ങനെ തന്നെയാ, പത്ത് കൊടുക്കണം. ഫസ്റ്റ് ഇയർ മാത്രം പത്ത് മ്മക്ക് എക്സ്ട്രാ, നിങ്ങ ഏഴ് ആയിട്ട് പോര്, പിന്നെ ചെക്കുമായിട്ട് പോര്, ബാക്കി നമുക്ക് ചെക്കിൽ ഡീലാക്കാം.
പണം നൽകാമെന്ന് പറഞ്ഞപ്പോൾ ഇടനിലക്കാരൻ കെഎംസിടി കോളജിലേക്ക് ക്ഷണിച്ചു. കോളജ് കാന്റീനിന് മുന്നിൽ ഇയാളുമായി സംസാരിച്ചു. പിന്നീട് കാര്യങ്ങൾ സംസാരിക്കുന്നത് കോളജ് പ്രതിനിധി നേരിട്ടാണ്.
ഇടനിലക്കാരൻ: സാറോട് സംസാരിച്ച് ഡൗട്ട് ക്ലിയർ ചെയ്തോളു.
റിപ്പോർട്ടർ: നമ്മളേക്കാളും ഉയർന്ന റാങ്കുള്ള ആൾ വന്നാൽ എന്ത് ചെയ്യും?
മാനേജ്മെന്‍റ് പ്രതിനിധി: അതൊക്കെ നമ്മൾ മാനേജ് ചെയ്യാവുന്ന തരത്തിലാണ് ഫീസ് മേടിക്കുന്നത്.
റിപ്പോർട്ടർ: സ്പോട്ട് അഡ്മിഷനിൽ അവിടെ വന്നാൽ എന്ത് ചെയ്യും?
മാനേജ്മെന്‍റ് പ്രതിനിധി: തൊണ്ണൂറ്റി അഞ്ച് ശതമാനം കുഴപ്പമുണ്ടാകില്ല. മാനേജ്മെന്‍റ് സീറ്റാണേൽ ഗ്യാരണ്ടി പറയാമായിരുന്നു. ഇത് അതല്ലല്ലോ? എന്തായാലും ഉറപ്പാണ് 95 ശതമാനം.
പലതരം രേഖകൾ ആവശ്യപ്പെട്ട് നീറ്റിൽ ഉയർന്ന് റാങ്ക് ഉള്ളവരെ അട്ടിമറിച്ച് കോഴ കൊടുത്താൽ സ്പോട്ട് വഴി ആരെയും തിരുകി കയറ്റാമെന്ന് കോളജ് വാഗ്ദാനം.
റിപ്പോർട്ടർ: സ്പോട്ട് അഡ്മിഷനു വരുന്പോൾ മറ്റ് കുട്ടികൾ അറിയില്ലേ?
മാനേജ്മെന്‍റ് പ്രതിനിധി: അതൊക്കെ ശരിയാക്കാം നമ്മുടെ ആളുകൾ ഉള്ളിലുണ്ട്, ആവശ്യമായ രേഖ കയ്യിലില്ല എന്ന് പറഞ്ഞ് ഒഴിവാക്കാം.
പ്രവേശന പരീക്ഷ കമ്മീഷണർ ഉണ്ടെങ്കിലം അതൊന്നും പ്രശ്നമല്ല, പണം മതിയെന്നാണ് ഇവരുടെ ഉറപ്പ്. ഈ തട്ടിപ്പ് ഒരു കോളജിൽ മാത്രമല്ല. കെഎംസിടി യിൽ സീറ്റില്ലെങ്കിൽ അൽ അസർ കോളജിലേക്ക് മാറ്റി നൽകാമെന്നും വാഗ്ദാനം.
ഇതാണ് സ്ഥിതി. നീറ്റ് വന്നാൽ മെറിറ്റ് മാത്രമാകും മാനദണ്ഡമെന്ന സങ്കൽപ്പവും വിശ്വാസവുമാണ് കോഴയുടെ പേരിൽ മാനേജ്മെന്‍റ് അട്ടിമറിക്കുന്നത്. പണം കണ്ടെത്താനാകാതെ മെറിറ്റിൽ പ്രവേശനം കിട്ടിയവർ നെട്ടോട്ടമോടുമ്പോൾ പണമുള്ളവർക്കായി മെറിറ്റ് നിഷ്പ്രയാസം അട്ടിമറിക്കുന്നു. ആരുമില്ല ചോദിക്കാൻ...

