ദില്ലി: ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ജനവിധി നാളെ അറിയാം. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ശരിയായാല്‍ വോട്ടിംഗ് യന്ത്രത്തിനെതിരെ പുതിയ രാഷ്ട്രീയ നീക്കം കൊണ്ടുവരുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ദില്ലി സര്‍ക്കാരിന്റെ ഹിത പരിശോധനയെന്ന് വിലയിരുത്ത തെരഞ്ഞെടുപ്പ് ഫലം ആംആദ്മി പാര്‍ട്ടിയുടെ ഭാവിയും നിര്‍ണയിക്കുന്നതാണ്.

ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷല്‍ 270 വാര്‍ഡുകളില്‍ ബിജെപിക്ക് 200ലേറെ സീറ്റുകളാണ് എക്‌സിറ്റ്‌പോളുകള്‍ പ്രവചിക്കുന്നത്. ബിജെപിക്ക് അനുകൂലമാണ് ജനവിധിയെങ്കില്‍ വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടുകള്‍ക്കെതിരെ പുതിയ രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങിക്കൊള്ളാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആംആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നിരീക്ഷകരെ അറിയിച്ചു. 

രാഷ്ട്രീയ മുന്നേറ്റത്തിലൂടെ വളര്‍ന്നുവന്ന ആം ആദ്മി പാര്‍ട്ടി രാജ്യവ്യാപക പ്രക്ഷോഭത്തിന് മടിക്കില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. എക്‌സിറ്റ് പോള്‍ പ്രവചനം പോലെ വലിയ വിജയം നേടി മൂന്ന് കോര്‍പ്പറേഷനും ബിജെപി നിലനിര്‍ത്തിയാല്‍ ദില്ലി സര്‍ക്കാരിനെ അട്ടിമറിക്കാനും ബിജെപി ശ്രമം നടത്തിയേക്കും. വോട്ടെടുപ്പ് നടന്ന 270ല്‍ 220 സീറ്റാണ് ബിജെപി പ്രവചിക്കുന്നത്. രണ്ടാം സ്ഥാനത്തെത്തി നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

2012ലെ തെരഞ്ഞെടുപ്പില്‍ 272ല്‍ 138 വാര്‍ഡുകളിലും ബിജെപിക്കായിരുന്നു ജയം. 77 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ജയിപ്പിച്ചത്. പത്ത് വര്‍ഷമായി മൂന്ന് കോര്‍പ്പറേഷനും ബിജെപിയാണ് ഭരിക്കുന്നത്. വടക്കന്‍ ദില്ലി കോര്‍പ്പറേഷനില്‍ 103ഉം തെക്കന്‍ ദില്ലിയില്‍ 104ഉം കിഴക്കന്‍ ദില്ലിയില്‍ 63ഉം വാര്‍ഡുകളിലേയും ജനവിധിയാണ് വ്യക്തമാകുക. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയ്ക്ക് രണ്ട് മണിയോടെ പൊതു ചിത്രം വ്യക്തമാകും. 35 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍.