ദില്ലി: ലോകമാകെ മീ ടൂ ക്യാമ്പയിൽ വലിയ തോതില്‍ ചര്‍ച്ചയാകുകയാണ്. ലൈംഗിക ചൂഷണങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ സമസ്ത മേഖലയിലും പ്രതികരണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. എംജെ അക്ബറിന് കേന്ദ്രമന്ത്രി സ്ഥാനം പോലും നഷ്ടമായത് മീ ടൂ വിന് കരുത്ത് വര്‍ധിപ്പിച്ചു. മാധ്യമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ തുറന്ന് പറഞ്ഞതോടെ പലര്‍ക്കും സ്ഥാനം നഷ്ടമായി.

ഇപ്പോഴിതാ ഓള്‍ ഇന്ത്യ റേഡിയോയില്‍ നിന്നും മീടൂ ആരോപണങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. അത്യന്തം ഗുരുതരമായ മീ  ടൂ  ആരോപണങ്ങളാണ് ഓൾ ഇന്ത്യ റേഡിയോയിൽനിന്ന് പുറത്തുവരുന്നത്.

ഓൾ ഇന്ത്യ റേഡിയോയുടെ ധർമശാല, ഒബ്ര, കുരുക്ഷേത്ര, ഷാഡോൽ എന്നീ സ്റ്റേഷനുകളിലെ വനിതാ ജീവനക്കാരാണ് തൊഴിലിടത്തെ പീഡന വിവരങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയത്. ധർമശാല റേഡിയോ സ്റ്റേഷനിലെ ജീവനക്കാരി ജ്യോതി പതാനിയ (45) പ്രോഗ്രാം ഹെഡ് സുരേഷ് കുമാറിനെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. ഡ്യൂട്ടിക്കിടെ സുരേഷ് കുമാർ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായി ജ്യോതി പതാനിയ ആരോപിച്ചു. 

2016 ഓഗസ്റ്റ് 20 നായിരുന്നു സംഭവം. പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് പരിപാടിയിലെ സന്ദേശത്തിനായി കാത്തുനിൽക്കുകയായിരുന്ന തന്നെ സ്റ്റുഡിയോ മുറിയിലെ ലൈറ്റുകൾ ഓഫാക്കിയതിനുശേഷം കടന്നു പിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്തതായി ജ്യോതി ഫസ്റ്റ് പോസ്റ്റിനോട് പറഞ്ഞു.

'ഞാനാകെ ഞെട്ടിയിരിക്കുകയായിരുന്നു, എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. അയാൾ മുറിയിൽനിന്നും പോയപ്പോഴേക്കും ലൈറ്റ് വന്നു. പിന്നീട് ഞാൻ ജോലിയിൽ ശ്രദ്ധിക്കാൻ തുടങ്ങി. എങ്കിലും കുറച്ച് സമയം ആ മുറിയില്‍ തന്നെ ഇരുന്നു. അയാൾ പുറകെ വരുമോയെന്ന പേടി കാരണം ബാത്ത്റൂമിൽ പോകാൻ പോലും പേടിയായിരുന്നു' വൈകുന്നേരം സൃഹൃത്തിനോട് സംഭവത്തെക്കുറിച്ച് സംസാരിച്ചുവെന്നും ജ്യോതി വ്യക്തമാക്കി.

അധികൃതര്‍ക്ക് പരാതി നൽകിയെങ്കിലും ആരോപണം തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും കുമാർ വാദിക്കുകയായിരുന്നെന്നും ജ്യോതി വിവരിച്ചു. മുമ്പും റേഡിയോ സ്റ്റേഷനിൽവെച്ച് ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും അവര്‍ തുറന്നുപറഞ്ഞു. 2014ൽ തന്നോട് അപമര്യാദയായി പെരുമാറിയ മുൻ സ്ഥാപനമേധാവിക്കെതിരെ പരാതി നൽകിയിയിട്ടുണ്ട്. എന്നാൽ പൊലീസ് ഇടപെട്ട് അത് ഒത്തുതീർപ്പാക്കി. അയാളെ പിന്നീട് ഷിംല സ്റ്റുഡിയോയിലേക്ക് സ്ഥലം മാറ്റിയെന്നും ജ്യോതി കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ ഒബ്ര സ്റ്റേഷനിലും മീ ടു ആരോപണം ഉയർന്നിട്ടുണ്ട്. നാൽപ്പത്തി മൂന്നുകാരിയായ ശാന്തി വർ‌മ്മയാണ് ഡ്യൂട്ടി ഓഫീസർ ശ്രീ കൃഷ്ണനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. വൈകുന്നേരം ഡ്യൂട്ടിക്കെത്തിയ തന്നോട് ശ്രീകൃഷ്ണൻ ചുംബനം ആവശ്യപ്പെട്ടെന്നും താൻ ഏതിർത്തെന്നും അവര്‍ വ്യക്തമാക്കി.

പിന്നീട് ഒരു സി‍ഡിയെടുത്ത് ഓഫീസ് മുറിയിലേക്ക് വന്ന ശ്രീകൃഷ്ണന്‍ അവിടെയിരുന്ന് അത് കാണാന്‍ തുടങ്ങി. വളരെ വേഗത്തിൽ ദൃശ്യങ്ങൾ കാണുകയും ഇടയ്ക്ക് അശ്ലീലദൃശ്യങ്ങൾ കാണുമ്പോൾ നിർത്തുകയും ചെയ്തപ്പോഴാണ് നീല ചിത്രമാണ് അയാൾ കാണുന്നതെന്ന് മനസ്സിലാകുന്നത്. തുടർന്ന് അയാൾ തന്നെ കടന്നുപിടിക്കുകയും മോശമായി പെറുമാറുകയും ചെയ്തതായി ശാന്തി ആരോപിക്കുന്നു. ശാന്തി നൽകിയ പരാതിയെതുടർന്ന് ഇയാളെ സ്ഥലം മാറ്റിയിരുന്നു. 
 
ഓഫീസിനുള്ളിൽ അശ്ലീല വീഡിയോ കാണുന്നതും മദ്യപാനവും പതിവായിരുന്നുവെന്നാണ് ശാന്തി ഉന്നയിക്കുന്നു. ഇത് തന്‍റെ ഭർത്താവ് നേരിട്ട് കണ്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ലൈബ്രേറിയനായിരുന്ന സുരേഷ് ചന്ദ്ര നിരാളയ്ക്കും ഓഫീസ് ഗാർഡ് സുഭാഷ് മിശ്രയ്ക്കെതിരെയും ശാന്തി ലൈംഗിക ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2010ൽ നിരാള അശ്ലീല മാസിക കൈമാറാൻ ശ്രമിച്ചെന്നും 2016ൽ സുഭാഷ് മിശ്ര കൈയിൽ കയറി പിടിച്ച് അശ്ലീല ചുവയോടെ സംസാരിക്കാന്‍ ശ്രമിച്ചതായും ശാന്തി വെളിപ്പെടുത്തി.
 
കുരുക്ഷേത്ര സ്റ്റേഷനിലും മീ ടൂ ആരോപണം ഉയർന്നിട്ടുണ്ട്. മുതിർന്ന ഉദ്യോഗദസ്ഥൻ ശിവേന്ദ്ര ശ്രീവാസ്തവയ്ക്കെതിരെ തമന്ന മഹീന്ദ്ര (26)യാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് പരിപാടി ചെയ്യാൻ ആവശ്യപ്പെട്ട ശിവേന്ദ്ര ലെംഗികതയെക്കുറിച്ചും ബലാത്സംഗത്തെക്കുറിച്ചും അശ്ലീലചുവയോടെ സംസാരിച്ചുവെന്ന് തമന്ന ആരോപിച്ചിട്ടുണ്ട്.
   
മധ്യപ്രദേശിലെ ഷാഡോൽ സ്റ്റേഷനിലെ ഒമ്പത് വനിതാ ജീവനക്കാർക്ക് അസിസ്റ്റന്‍റ് ഡയറക്ടറായ രത്നാകർ ഭാരതിക്കെതിരെ പരാതി നൽകിയതിനെതുടർന്ന് ജോലി നഷ്ടപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ മൂന്ന് ജീവനക്കാർ തങ്ങൾക്കു നേരിടേണ്ടിവന്ന ദുരനുഭവം വിവരിക്കുകയും ചെയ്തിട്ടുണ്ട്.