തിരുവനന്തപുരം: ദേശീയപാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തക മേധാ പട്കറും സംയുക്ത സമരസമിതി നേതാക്കളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം. കേരളത്തിൽ ദേശീയ പാതയ്ക്കായുള്ള ഭൂമിയേറ്റെടുപ്പ് സംബന്ധിച്ച് പുനപരിശോധന നടത്തണമെന്ന ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചതായി മേധാ പട്കർ പറഞ്ഞു. ഈ സാഹചര്യത്തിൽ സമരസമിതി സ്വന്തം നിലയിൽ വിദഗ്ധരെ ഉൾപ്പെടുത്തി പഠനം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. 

ഒരു മാസത്തിനകം ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച് വിദഗ്ധ സംഘം പഠനം പൂർത്തിയാക്കും. ഭൂമിയേറ്റെടുക്കൽ നിയമപരമാണോ, പുനരധിവാസം എപ്രകാരം തുടങ്ങി എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വിദഗ്ധ സമിതി പരിശോധിക്കുക. ദേശീയപാത വിഷയത്തിൽ ആദ്യമായാണ് സംയുക്ത സമരസമിതിയുമായി പിണറായി വിജയൻ ചർച്ച നടത്തുന്നത്.