അഭ്യൂഹങ്ങള്‍ക്ക് അറുതിവരുത്തി മാധ്യമങ്ങളെ പൊലീസ് പമ്പയിലേക്ക് കടത്തിവിട്ടു. എന്നാല്‍ പിന്നീട് മാത്രമേ മാധ്യമങ്ങളെ സന്നിധാനത്തേക്ക് കടത്തിവിടൂ. നേരത്തെ മാധ്യമങ്ങളെ പമ്പയിലേക്ക് കടത്തി വിടുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. 

പമ്പ: ഇന്ന് ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നടതുറക്കാനിരിക്കെ അഭ്യൂഹങ്ങള്‍ക്ക് അറുതിവരുത്തി മാധ്യമങ്ങളെ പൊലീസ് പമ്പയിലേക്ക് കടത്തിവിട്ടു. എന്നാല്‍ പിന്നീട് മാത്രമേ മാധ്യമങ്ങളെ സന്നിധാനത്തേക്ക് കടത്തിവിടൂ. നേരത്തെ മാധ്യമങ്ങളെ പമ്പയിലേക്ക് കടത്തി വിടുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഡിജിപിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായ നടപടിമാത്രമാണ് നടക്കുന്നതെന്നും വിശദീകരിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നമുള്ളതിനാല്‍ മാധ്യമങ്ങളെ സന്നിധാനത്തേക്ക് ഇന്ന് കടത്തിവിടില്ലെന്ന് ഐജി അശോക് പറഞ്ഞു.

എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളെ പൊലീസ് പമ്പ പൊലീസ് എയിഡ് പോസ്റ്റിന് മുന്നില്‍ തടഞ്ഞിട്ടിരിക്കുകയാണ്. ത്രിവേണി പാലം മുതല്‍ മാധ്യമങ്ങളുടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പാലത്തിനപ്പുറം വാഹനങ്ങള്‍ കടത്തിവിടില്ലെന്ന നിലപാടിലാണ് പൊലീസ്. പൊലീസ് സേനയില്‍ മാധ്യമങ്ങളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്നലെ വൈകീട്ടോടെയാണ് മാധ്യമങ്ങളെ പമ്പയിലേക്ക് കടത്തിവിട്ടത്.8.30 വരെ മാധ്യമങ്ങളെ പമ്പയിലേക്ക് പോകാന്‍ അനുവദിച്ചിരുന്നു.എന്നാല്‍ പിന്നീട് പൊലീസ് മാധ്യമങ്ങളെ ത്രിവേണി പലത്തില്‍ തടയുകയായിരുന്നു. ഇതേ സമയം സന്നിധാനത്തും പമ്പയിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രണ്ട് എഡിജിപിമാരുടെ നേതൃത്വത്തില്‍ 2300 പൊലീസുകാരെയാണ് ഇതുവരെ വിന്യസിച്ചിട്ടുള്ളത്. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ 1200 ല്‍ അധികം പൊലീസുകാരുണ്ടാകും. 

സന്നിധാനത്ത് സ്ത്രീകളെ ഉപയോഗിച്ച് ബിജെപിയും പോഷകസംഘടനകളും പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വേണ്ടിവന്നാല്‍ സന്നിധാനത്ത് വനിതാ പൊലീസുകാരെ നിയോഗിക്കുമെന്നും പൊലീസ് അറിയിച്ചു. സന്നിധാനത്ത് 50 വയസ്സ് കഴിഞ്ഞ 30 വനിതാ പൊലീസുകാരെ നിയോഗിക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. എസ്ഐ, സിഎ റാങ്കിലുള്ള വനിതാ പൊലീസുകാരെയാണ് നിയോഗിക്കുക. നിരോധനാജ്ഞ നിലവിൽ വന്ന ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും ഇപ്പോള്‍തന്നെ പൊലീസ് നിയന്ത്രണത്തിലാണ്.