തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തുന്നവര്‍ക്ക് ആശ്വാസമായി പുതിയ വിശ്രമകേന്ദ്രം. സിപിഎമ്മിന്റെ സാന്ത്വന പരിചരണം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ വിശ്രമ മുറികള്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു. 

മെഡിക്കല്‍ കോളേജ് ആശുപത്രിയും റീജ്യണല്‍ ക്യാന്‍സര്‍ സെന്ററും ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടുമടങ്ങുന്ന വലിയ ക്യാമ്പസ്. വിദഗ്ദ്ധ ചികിത്സ തേടി ദിവസവുമെത്തുന്ന ആയിരങ്ങള്‍. താമസിക്കാന്‍ സുരക്ഷിതമായ ഇടവും മിതമായ നിരക്കില്‍ ഭക്ഷണവുമാണ് രോഗികളുടെ കൂട്ടിരിപ്പുകാരും ബന്ധുക്കളും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ്, സാന്ത്വന പരിചരണം പദ്ധതിയിലൂടെ ഇകെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. 

കുറഞ്ഞ ചെലവില്‍ 76 മുറികള്‍ താമസത്തിന് തയ്യാറായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വിശ്രമകേന്ദ്രം ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. മെഡിക്കല്‍ കോളേജിനടുത്ത്, ഉള്ളൂര്‍ റോഡിലാണ് പുതിയ വിശ്രമകേന്ദ്രം. കോര്‍പ്പറേഷന്‍ റസ്റ്റ് ഹൗസ് വാടകയ്‌ക്കെടുത്താണ് മുറികള്‍ സജ്ജീകരിച്ചത്. ഓരോ മുറിയിലും രണ്ട് കട്ടിലും കസേരകളുമടക്കമുള്ള സൗകര്യം. ഭക്ഷണശാല വൈകാതെ പ്രവര്‍ത്തിച്ച് തുടങ്ങും.