ദില്ലി: വിവാദ മെഡിക്കൽ കമ്മീഷൻ ബില്ല് ലോക്സഭ സ്റ്റാൻഡിംഗ് കമ്മിറ്റിയ്ക്ക് വിട്ടു. ബജറ്റ് സമ്മേളനത്തിന് മുന്പ് റിപ്പോര്‍ട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം. ബില്ല് ആരോഗ്യവിദ്യാഭ്യാസ രംഗത്ത് ഗുണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു.

ആയുര്‍വേദം സിദ്ധ ഹോമിയോ  എന്നിവയിൽ ബിരുദം നേടിയവര്‍ക്ക് ബ്രിഡ്ജ് കോഴ്സ് പാസായാൽ അലോപ്പതിയിലും ചികിത്സ നൽകാം. എംബിബിഎസിന് ശേഷം പ്രാക്ടീസ് തുടങ്ങാൻ നെക്സ്റ്റ് പരീക്ഷ പാസാകണം എന്ന നിബന്ധന ബില്ല് പാസായി മൂന്ന് വര്‍ഷത്തിനകം നിര്‍ബന്ധമാക്കണം. നെക്സ്റ്റ് പരീക്ഷയിലെ മാര്‍ക്ക് പിജി പരീക്ഷയ്ക്കും പരിഗണിക്കും എന്നതാണ് മറ്റൊരു വിവാദ വ്യവസ്ഥ.  ഈ വിവാദ വ്യവസ്ഥകളെ പ്രതിപക്ഷം എതിര്‍ത്തു. ഇതോടെയാണ് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടാൻ ഭരണപക്ഷം തീരുമാനിച്ചത്.   ഐഎംഎയുടെ സമരം ചൂണ്ടിക്കാട്ടി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് രാജ്യസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു

ഇതിന് പിന്നാലെ രാജ്ഭവന് മുന്നിൽ മൂന്ന് ദിവസാമായി തുടര്‍ന്ന നിരാഹാര സമരം  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അവസാനിപ്പിച്ചു. ചികിത്സ മുടങ്ങരുതെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ആശുപത്രികൾക്ക് കേന്ദ്രം നിര്‍ദ്ദേശം നൽകിയതിനാൽ ദില്ലി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം ബാധിച്ചില്ല. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും ഡ്യൂട്ടി ബഹിഷ്കരിക്കാതിരുന്നത് രോഗികൾക്ക് ആശ്വാസമായി.