ജനറല്‍ ആശുപത്രിയും ജില്ലാ ആശുപത്രിയും രണ്ട് താലൂക്ക് ആശുപത്രികളുമടക്കം കിടത്തിചികിത്സയുള്ള നാല് ആശുപത്രികളാണ് കാസര്‍ഗോഡ് ജില്ലയിയാകെയുള്ളത്. 210 ഡോക്ടര്‍ വേണ്ടിടത്ത് ഇപ്പോഴുള്ളത് 157 പേര്‍.പനിയടക്കമുള്ള വിവിധ പകര്‍ച്ചവ്യാധികള്‍ പടന്നുപിടിച്ചതോടെ കര്‍ണ്ണാടകയില്‍ നിന്നടക്കമുള്ള 53 ഡോക്ടര്‍മാരെ കരാര്‍ വ്യവസ്ഥയില്‍ നിയമിച്ച് ആരോഗ്യവകുപ്പ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ എണ്ണം ഒരു വിധം ഒപ്പിച്ചിട്ടുണ്ട്.

നഴ്സമാരടക്കമുള്ള ജീവനക്കാരുടെ എണ്ണം എന്നാലും കുറവ് തന്നെ.പഴക്കം ചെന്ന എക്സ് റേ മിഷനുകളും ജനറ്ററുകളും തകരാറാവുന്നതടക്കം ആശുപത്രികളെല്ലാം അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ദുരിതത്തിലാണ്.കാസര്‍ഗോട്ടെ സര്‍ക്കാര്‍ ആശുപത്രികളിലെ ശോച്യാവസ്ഥ മുതലെടുക്കുന്നത് മംഗളുരുവിലെ സ്വകാര്യ ആശുപത്രിലോബികളാണ്. നിര്‍ധനരായ എൻഡോസള്‍ഫാൻ ദുരിതബാധിതരടക്കമുള്ള രോഗികള്‍ക്ക് ഭീമമായ ചികിത്സാ ചിലവാണ് മംഗളുരുവിലെ സ്വകാര്യ ആശുപത്രികളില്‍ വരുന്നത്.

ആരോഗ്യമേഖലയിലെ ശോച്യാവസ്ഥക്ക് പരിഹാരമായി കഴിഞ്ഞ സര്‍ക്കാര്‍ ബദിയടുക്ക ഉക്കിനിടുക്കയില്‍ പ്രഖ്യാപിച്ച മെഡിക്കല്‍കോളേജിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല.സാമ്പത്തിക പ്രതിസന്ധിയെന്ന് പറഞ്ഞ് രണ്ട് വര്‍ഷത്തോളം നിര്‍ത്തിവച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണ് വീണ്ടും ആരംഭിച്ചത്.

ഒരു വര്‍ഷം കൊണ്ട് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഈ രീതിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പോയാല്‍ അടുത്ത കാലത്തൊന്നും പൂര്‍ത്തിയാകുന്ന ലക്ഷണവുമില്ല.