റിയാദ്: ഇന്ത്യയില്‍ നിന്നെത്തിയ ഹജ്ജ് തീര്‍ഥാടകര്‍ക്ക് മികച്ച ആരോഗ്യ സേവനമാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ചെയ്യുന്നത്. എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രികള്‍ മക്കയില്‍ സജ്ജീകരിച്ചിട്ടുണ്ട്. മുന്നൂറ്റിയമ്പതംഗ മെഡിക്കല്‍ സംഘമാണ് തീര്‍ഥാടകരുടെ സേവനത്തിനായി ഇന്ത്യയില്‍ നിന്നും എത്തിയിരിക്കുന്നത്.
കൂടുതലും പ്രമേഹരോഗികള്‍ ആണ് വരുന്നത്. ഇവരെ നേരത്തെ മതിയായ ചികിത്സ നല്‍കി ഹജ്ജ് നിര്‍വഹിക്കാന്‍ പ്രാപ്തരാക്കാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ആരോഗ്യ സേവനത്തിനായി 170 ഡോക്ടര്‍മാരും 180 പാരാമെഡിക്കല്‍ ജീവനക്കാരുമാണ് ഡെപ്യൂട്ടേഷനില്‍ ഇന്ത്യയില്‍ നിന്നും എത്തിയിട്ടുള്ളത്.
ഏതാണ്ട് മൂന്നു കോടി രൂപയുടെ മരുന്നുകളും കൊണ്ടുവന്നിട്ടുണ്ട്. തീര്‍ഥാടകരില്‍ കൂടുതലും മക്കയിലെ അസീസിയ കാറ്റഗറിയില്‍ ആയതിനാല്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം പ്രധാനമായും അസീസിയ കേന്ദ്രീകരിച്ചാണ്. നാല്‍പ്പത് കിടക്കകളുള്ള ആശുപത്രിയും മുപ്പത് കിടക്കകളുള്ള ആശുപത്രിയും ഇന്ത്യന്‍ ഹാജിമാര്‍ക്കായി അസീസിയയില്‍ പ്രവര്‍ത്തിക്കുന്നു. ഓരോ ദിവസവും നൂറുക്കണക്കിനു തീര്‍ഥാടകരാണ് ഈ ആശുപത്രികളില്‍ എത്തുന്നത്.
പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളിലെയും വിദഗ്ദരായ ഡോക്ടര്‍മാര്‍ ഇവിടെ സേവനം ചെയ്യുന്നുണ്ട്. കനത്ത ചൂടിലായിരിക്കും ഇത്തവണത്തെ ഹജ്ജ് എന്നതിനാല്‍ എല്ലാ മുന്‍കരുതലുകളും മെഡിക്കല്‍ വിഭാഗം സ്വീകരിച്ചിട്ടുണ്ട്. മതിയായ ആംബുലന്‍സുകളും മെഡിക്കല്‍ വിഭാഗം ഒരുക്കിയിട്ടുണ്ട്. മദീന, മിന, അറഫ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മെഡിക്കല്‍ സേവനം ലഭ്യമായിരിക്കും.
