സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ വിതരണത്തിനെത്തിച്ച മരുന്നുകളാണ് ഗുണനിലവാരമില്ലെന്ന് കണ്ടത്തിയത്. ഇങ്ങനെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട ബാച്ച് മരുന്നുകള്‍ ഉള്‍പ്പെടെ ഉപയോഗിക്കാനാകാതെ 2.91 കോടി രൂപയുടെ മരുന്നുകളാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണുകളിലുള്ളത്. ഈ മരുന്നുകളുടെ വില അതാത് കമ്പനികളില്‍ നിന്ന് തന്നെ ഈടാക്കും. ശേഷം സര്‍ക്കാര്‍ അനുമതിയോടെ മരുന്നുകള്‍ നശിപ്പിക്കും. അതേസമയം ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട പല ബാച്ച് മരുന്നുകളും ഇതിനോടകം രോഗികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. മരുന്നുകള്‍ വിതരണം ചെയ്ത് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞാണ് ഇവയുടെ പരിശോധനാഫലം വരുന്നതെന്നതാണ് കാരണം.

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ പേരില്‍ ഇതുവരെ 4.53 കോടി രൂപ കമ്പനികളില്‍ നിന്ന് ഈടാക്കിയതായും മെഡിക്കല്‍ കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. ഇതിനിടെ വിലക്കുറവില്‍ മരുന്ന് വില്‍ക്കുന്ന കാരുണ്യ ഫാര്‍മസികളിലെ വാര്‍ഷിക കണക്കെടുപ്പില്‍ മരുന്നുകള്‍ നഷ്‌ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അര്‍ബുദ ചികില്‍സക്കുപയോഗിക്കുന്ന അരിമിഡെക്‌സിന്റെ അഞ്ച് പായ്‌ക്കറ്റ് ഗുളികകളും ഹീമോഫീലിയ രോഗത്തിനുപയോഗിക്കുന്ന ഫാക്ടര്‍ 9 ഉം ആണ് നഷ്‌ടപ്പെട്ടതായി കണ്ടെത്തിയത്. ഇതില്‍ ഫാക്ടര്‍ 9 കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതാണ് . ചിലപ്പോള്‍ ബാച്ച് നമ്പര്‍ മാറിയതാകാം പ്രശ്നമെന്നും ഇതില്‍ പരിശോധന നടക്കുകയാണെന്നും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അധികൃതര്‍ പ്രതികരിച്ചു.