രണ്ടാഴ്ച്ചയിലധികമായി സംഘര്‍ഷഭരിതമായിരുന്ന താഴ്വരയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കശ്‍മീര്‍ സന്ദര്‍ശിക്കുന്ന രാജ്നാഥ് സിങിനെ സന്ദര്‍ശിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി മെഹബൂബ മുഫ്തി കശ്‍മീരില്‍ പ്രത്യേക സൈനിക നിയമം പിന്‍വലിക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്. അതേസമയം രണ്ട് ദിവസത്തെ കശ്‍മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രി, താഴ്വരയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് അറിയിച്ചു.
താഴ്വരയില്‍ സമാധാനം കൊണ്ടുവരാന്‍ മൂന്നാമതൊരു കക്ഷിയുടെ സഹായം വേണ്ടെന്ന് പറഞ്ഞ രാജ്നാഥ് സിങ് പാകിസ്ഥാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് ആവര്‍ത്തിച്ചു. പെല്ലറ്റ് ഗണ്ണിന് പകരം മറ്റ് മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിച്ച് രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയതായും രാജ്നാഥ് സിങ് അറിയിച്ചു.
