ദില്ലി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മുന്‍ ലോക്‌സഭാ സ്‌പീക്കര്‍ മീരാകുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ നടന്ന പ്രതിപക്ഷകക്ഷി യോഗത്തിലാണ് മീരാകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം ഉണ്ടായത്. 17 രാഷ്‌ട്രീയ പാര്‍ട്ടികള്‍ മീരാകുമാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാം നാഥ് കോവിന്ദിനെ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട രാം നാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ടുള്ള ബിജെപിയുടെ പ്രഖ്യാപനത്തിന് അതേനാണയത്തില്‍ മറുപടി നല്‍കിക്കൊണ്ടാണ് മീരാകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രതിപക്ഷകക്ഷികള്‍ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 17നാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. എഐഎഡിഎംകെ ഉള്‍പ്പടെയുള്ള പ്രാദേശികപാര്‍ട്ടികളുടെ പിന്തുണ നേടിയിട്ടുള്ള ബിജെപി സഖ്യം ഇതിനോടകം 60 ശതമാനം വോട്ടു ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്.