ന്യൂയോര്‍ക്ക്: ലോകമാകെ ചര്‍ച്ചയാകുന്ന മീ ടു ക്യാമ്പെയിനിനെകുറിച്ച് പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപ് രംഗത്തെത്തി. വിവാദ വെളിപ്പെടുത്തലുകള്‍ നടത്തുന്നത് മാത്രമായി മീ ടൂ ക്യാമ്പെയിന്‍ ചുരുങ്ങരുതെന്നാണ് മെലാനിയയുടെ പക്ഷം.

ലൈംഗികാരോപണങ്ങളുന്നയിക്കുന്ന സ്ത്രീകള്‍ തെളിവ് നല്‍കുന്ന കാര്യത്തിലും ശ്രദ്ധിക്കണമെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. മീ ടു ക്യാമ്പെയിനിനെ പിന്തുണയ്ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അവര്‍ തയ്യാറായില്ല. സ്ത്രീകളെ പിന്തുണയ്ക്കുന്നു എന്നതുകൊണ്ട് പുരുഷന്‍മാരെ തള്ളിക്കളയാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി.