ഇടുക്കി: ചിന്നക്കനാലില്‍ സി.പി.ഐയില്‍ നിന്നും കൂട്ട രാജി. ജില്ലാ കമ്മറ്റി അംഗം ഉള്‍പ്പെടെ നിരവധിപ്പേര്‍ പാര്‍ട്ടിവിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. 15 വര്‍ഷമായി ജില്ലാ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്ന വേല്‍സാമി, പ്രദേശത്ത് പാര്‍ട്ടി കെട്ടുപ്പടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുള്ള മരിയാദാസ്, സൂര്യനെല്ലി ലോക്കല്‍ കമ്മറ്റി അംഗം കെ.രവി, എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റി അംഗം പ്രഭാകരന്‍, ഡി.ഇ.ഡബ്‌ള്യൂ.യൂ പെരിയകനാല്‍ സബ് കമ്മറ്റി പ്രസിഡന്റ് മുത്തുപാണ്ടി, ബ്രാഞ്ച് കമ്മറ്റി സെക്രട്ടറിമാര്‍, പാര്‍ട്ടി മെമ്പര്‍മാര്‍ എന്നിവരും, വര്‍ഗ്ഗ ബഹുജന സംഘടനാ പ്രവര്‍ത്തകരും ഉള്‍പ്പെടെ വേണാട്, പെരിയകനാല്‍, ചിന്നക്കനാല്‍, ഷണ്മുഖവിലാസം, സൂര്യനെല്ലി എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധിപ്പേരാണ് രാജിവച്ചിരിക്കുന്നത്.
പൂപ്പാറയില്‍ നടന്ന യോഗത്തില്‍ ഇവര്‍ക്ക് സി.പി.എം സ്വീകരണം നല്‍കി. വനം റവന്യൂ വകുപ്പുകള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട നാല് വകുപ്പുകള്‍ സി.പി.ഐ ഭരിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനം ഇത് കൊണ്ട് പ്രയോജനം ലഭിക്കുന്നില്ല. ദേശീയ പാത നിര്‍മ്മാണം, ഭൂമി പ്രശ്‌നങ്ങള്‍, പട്ടയം, കെട്ടിട നിര്‍മ്മാണത്തിലെയും, കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിയ്ക്കുന്നതിലെയും തടസ്സങ്ങള്‍ തുടങ്ങിയ ജനകീയ വിഷയങ്ങള്‍ നിരവധി തവണ ജില്ലാ കമ്മറ്റി യോഗങ്ങളിലും മന്ത്രിമാരുടെ ശ്രദ്ധയിലുംപ്പെടുത്തിയിട്ടും അനുകൂലമായ നടപടികളൊന്നും ഉണ്ടാകാത്തതിനാലാണ് രാജിവച്ച് സി.പി.എമ്മില്‍ ചേരുന്നതെന്നും വേല്‍സാമി പറഞ്ഞു.
സി.പി.ഐ വിട്ടുവന്നിരിക്കുന്നവര്‍ക്ക് ഉചിതമായ സ്ഥാനങ്ങള്‍ നല്‍കുമെന്നും, ഇടതുമുന്നണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവരെ പാര്‍ട്ടിയില്‍ എടുത്തിരിക്കുന്നതെന്നും, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനും, വനം റവന്യൂ വകുപ്പുകള്‍ മൂലം ഹൈറേഞ്ചിലെ പത്ത് പഞ്ചായത്തുകളിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ശക്തമായി ഇടപെടുമെന്നും സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.എം ജില്ലാ കമ്മറ്റി അംഗം ടി.ജെ. ഷൈന്‍ പറഞ്ഞു. പൂപ്പാറ ലോക്കല്‍ കമ്മറ്റി സെക്രട്ടറി എന്‍.ആര്‍ ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എന്‍.പി സുനില്‍കുമാര്‍, അംഗങ്ങളായ എം.വി കുട്ടപ്പന്‍, സേനാപതി ശശി, വി.എക്‌സ് ആല്‍ബിന്‍, എസ്.അളകര്‍ സാമി, മഹിളാ അസ്സോസിയേഷന്‍ ഏരിയ സെക്രട്ടറി സുജാത രവി എന്നിവര്‍ പങ്കെടുത്തു.
ചിത്രം: സി.പി.ഐ വിട്ടുവന്നവര്‍ക്ക് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പൂപ്പാറയില്‍ നല്‍കിയ സ്വീകരണത്തോടനുബന്ധിച്ചുള്ള സമ്മേളനം ജില്ലാ കമ്മറ്റി അംഗം ടി.ജെ ഷൈന്‍ ഉദ്ഘാടനം ചെയ്യുന്നു.
