ദയാവധം നടത്തി സംസ്‌കരിക്കുന്നതിനുള്ള തീരുമാനം കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡിനും സംസ്ഥാന മൃഗ സംരക്ഷണ ഡയറക്ടര്‍ക്കും വിട്ടു. രണ്ടാഴ്ചയ്ക്കകം നടപടിയെന്നും സര്‍വ്വകലാശാല.

തിരുവിഴാംകുന്ന് ഫാമിലെ രോഗബാധിതമായ കന്നുകാലികളെ അവിടെത്തന്നെ ദയാവധം നടത്തി സംസ്‌കരിക്കണമെന്ന കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ നിര്‍ദ്ദേശം വന്ന പശ്ചാത്തലത്തിലാണ് വെറ്റിനറി സര്‍വ്വകലാശാലാ രജിസ്ട്രാര്‍ വിദഗ്ധരുള്‍പ്പെടുന്ന ഉന്നതതല യോഗം വിളിച്ചത്. തൊണ്ണൂറിലധികം മൃഗങ്ങളെ ഫാമില്‍ തന്നെ സംസ്‌കരിക്കുമ്പോള്‍ അണുക്കള്‍ മണ്ണില്‍ കലരാനിടയുണ്ട്. പ്രദേശ വാസികളുടെ എതിര്‍പ്പും നിലനില്‍ക്കുന്നു. രണ്ടാമത്തെ മാര്‍ഗം വെറ്റിനറി സര്‍വ്വകലാശാലയുടെ മണ്ണൂത്തി ക്യാമ്പസിലെത്തിച്ച് ശാസ്ത്രീയമായി സംസ്‌കരിച്ച് വളമാക്കുന്ന രീതിയാണ്. ഇത്ര ദൂരത്ത് എത്തിക്കുന്നതിന് മൃഗ സംരക്ഷണ ബോര്‍ഡിന്റെ അനുമതി വേണം. അതുകൊണ്ടുതന്നെ സംസ്‌കരിക്കുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡിനും സംസ്ഥാന മൃഗ സംരക്ഷണ ഡയറക്ടര്‍ക്കും വിട്ടു. സര്‍വ്വകലാശാലയുടെ വിശദമായ റിപ്പോര്‍ട്ട് ഇന്നു തന്നെ സമര്‍പ്പിക്കും

രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സര്‍വ്വകലാശാലയുടെ പ്രതീക്ഷ. വെറ്റിനറി സര്‍വ്വകലാശാലയുടെ കീഴിലുള്ള മറ്റ് ഫാമുകളിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചതായും വിദഗ്ധ സമിതി യോഗത്തിന്‌ശേഷം രജിസ്ട്രാര്‍ പറഞ്ഞു.