സൗഹൃദമത്സരത്തെ ഇസ്രായേല്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് പലസ്തീന്‍റെ നിലപാട്

അര്‍ജന്‍റീനയുടെ ഇതിഹാസതാരം ലിയോണല്‍ മെസിയുടെ ചിത്രങ്ങളും ജഴ്സിയും കത്തിക്കുമെന്ന് മുന്നറിയിപ്പ്. ഇസ്രയേലിനെതിരായ മത്സരത്തില്‍ നിന്ന് അര്‍ജന്‍റീന പിന്‍മാറണമെന്നും അല്ലാത്തപക്ഷം കടുത്ത പ്രതിഷേധം ഉയര്‍ത്തുമെന്നും പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ജിബ്രീല്‍ റെജബാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

അര്‍ജന്‍റീനയ്ക്ക് സന്നാഹമത്സരം അനുവദിച്ചിരിക്കുന്നത് ഇസ്രയേലിനെതിരെയാണ്. മുന്‍ നിശ്ചയിച്ച പ്രകാരം ശനിയാഴ്ച്ച രാത്രി ജറുസലേമിലെ ടെഡ്ഡി കൊല്ലെക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കേണ്ടത്. സൗഹൃദമത്സരത്തെ ഇസ്രയേല്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് പലസ്തീന്‍റെ നിലപാട്. ഇത് സംബന്ധിച്ച് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന് പലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍ കത്തെഴുതിയിരുന്നു.

ജറുസലേമില്‍ അമേരിക്ക കഴിഞ്ഞ മാസം എംബസി തുറന്നിരുന്നു. ലോകവ്യാപകമായി പ്രതിഷേധമുണ്ടായിട്ടും അമേരിക്കയും ഇസ്രയേലും നിലപാടില്‍ നിന്ന് പിന്മാറിയിരുന്നില്ല. മാത്രമല്ല ഹൈഫ നഗരത്തില്‍ നടത്താനിരുന്ന അര്‍ജന്‍റീനയ്ക്കെതിരായ മത്സരം ജറുസലേമിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെയാണ് പലസ്തീന്‍ പ്രതിഷേധം ശക്തമാക്കിയത്.

ആധുനിക ഫുട്ബോളിലെ ഇതിഹാസതാരമായ മെസി കളിക്കാനെത്തുന്നതിനാല്‍ തന്നെ മത്സരത്തിന് വലിയ പ്രധാന്യം ലഭിക്കുകയാണ്. അതുകൊണ്ടാണ് മെസിക്കെതിരെ പ്രതിഷേധിക്കുമെന്ന് പലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചതും. എന്തായാലും മെസി കളിക്കാനെത്തുമോയെന്നത് കണ്ടറിയണം.