ഇറ്റലിയില്ലാതെ ഒരു ലോകകപ്പ് ചിന്തിക്കാന്‍ പോലുമാകില്ല. അതുപ്പോലെ തന്നെ ഓറഞ്ച് പടയുടെ കാര്യവും.

ലിയോണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റൈന്‍ താരങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ലോകകപ്പായിരുന്നു 2014ലേത്. ബ്രസീലില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീന ജര്‍മനിയോട് പരാജയപ്പെടുമ്പോള്‍ തകര്‍ന്നത് വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ്. പിന്നാലെ കോപ്പ അമേരിക്കയില്‍ രണ്ട് തവണയും അര്‍ജന്റീന ഫൈനലില്‍ തോല്‍വി അറിഞ്ഞു. ശേഷം മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനവുമായി. അനുനയത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ മെസി ലോകകപ്പ് യോഗ്യതയിലെ നിര്‍ണായക മത്സരത്തില്‍ ഇക്വഡറിനെതിരേ ഹാട്രിക് നേടി ടീമിനെ റഷ്യയിലേക്ക് നയിച്ചു. 30 വയസിലെത്തി നില്‍ക്കുന്ന മെസി തന്നെ പറയുന്നു, ലോകകപ്പ് നേടാനുള്ള തന്റെ അവസരമാണിതെന്ന്. റഷ്യയിലേക്ക് വിമാനം കയറുന്നതിന് മുന്‍പ് മെസി അര്‍ജന്റൈന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ മലയാളം വായിക്കാം.

മരക്കാനയില്‍ ജര്‍മനിയോടേറ്റ തോല്‍വി ഇപ്പോഴും വേദനിപ്പിക്കുന്നുണ്ടോ..?

അതൊരു ഉണങ്ങാത്ത മുറിവാണ്. വേദനിപ്പിച്ചുക്കൊണ്ടിരിക്കും. സുന്ദരമായ ഒരു സ്വപ്‌നത്തിന് അരികിലായിരുന്നു ഞങ്ങള്‍. എന്നാലിത് ഫുട്‌ബോളാണ്. മികച്ച ടീം എല്ലായ്‌പ്പോഴും വിജയിക്കണമെന്നില്ല. ഈ യഥാര്‍ത്ഥ്യം അംഗീകിച്ചുക്കൊണ്ട് തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്. എല്ലാ അര്‍ജന്റൈന്‍ ആരാധകരേയും പോലെ ഞങ്ങളും കരഞ്ഞു. ആ വേദന ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല.

മറ്റൊരു ലോകകപ്പ് കൂടി. വലിയ പ്രതീക്ഷ തന്നെ ടീമിനെ കുറിച്ചുണ്ട്.

നാല് വര്‍ഷം മുന്‍പ് ഞങ്ങള്‍ പരമാവധി ശ്രമിച്ചു. ദേശീയ ടീമിന് വേണ്ടി ഞങ്ങളുടെ തലമുറയ്ക്ക് ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചിട്ടില്ല. ആരാധകര്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റൊന്നുമില്ല. കാരണം 1986ലാണ് അവസാനമായി അര്‍ജന്റീന ലോകകപ്പ് നേടിയത്. എല്ലാ അര്‍ജന്റീനക്കാരേയും പോലെ എനിക്കും ആഗ്രഹമുണ്ട് രാജ്യത്തിന് വേണ്ടി ലോകകപ്പ് നേടാന്‍. 2014ലെ ടീം പരമാവധി ശ്രമിച്ചു. എന്നാല്‍ അത് സാധിച്ചില്ല.

2018ല്‍ അത് സംഭവിക്കുമോ...?
എന്റെ സ്വപ്‌നത്തില്‍ മാറ്റമൊന്നുമില്ല. ഫൈനലിലെത്തി കപ്പ് നേടുകയെന്നത് സ്വപ്‌നം തന്നെയാണ്. ഒരുപാട് ദൂരം പോകേണ്ടതുണ്ടതിന്. ആ ദൂരത്തിന്‍റെ കടുപ്പം 2014ല്‍ അനുഭവിച്ചതാണ്. ഒരിക്കല്‍കൂടി അത്തരമൊരു പ്രകടനം പുറത്തെടുക്കണം. അവസാന ഫലം മറ്റൊന്നാക്കണം. ഇത്തവണ കപ്പ് ഞങ്ങള്‍ക്ക് തന്നെ വേണം. കാരണം, ഇത് ഞങ്ങളുടെ തലമുറയിലുള്ളവര്‍ക്ക് അവസാന ലോകകപ്പാണ്.

രാജ്യത്തിന്‍റെ സ്വപ്‌നം സാധൂകരിക്കുകയെന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണോ..?

നിങ്ങള്‍ ഒരു അര്‍ജന്റീനക്കാരനാണെങ്കില്‍, ഫുട്‌ബോള്‍ പിന്തുടരുന്ന വ്യക്തിയാണെങ്കില്‍ നിങ്ങളുടെ ആഗ്രഹം, ടീം ലോകകപ്പ് സ്വന്തമാക്കണം എന്നായിരിക്കും. അങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റൊന്നുമില്ല. ഞാനും അങ്ങനെയാണ് ചിന്തിക്കുന്നത്. ഞങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം അത് എത്രത്തോളം വലിയ വെല്ലുവിളിയാണെന്ന്. എന്നാല്‍ ഞങ്ങള്‍ക്കത് നേടണം.

ദേശീയ ടീമില്‍ നിങ്ങള്‍ ഉള്‍പ്പെടെയുള്ള ഫുട്‌ബോള്‍ താരങ്ങള്‍ ഓരോ തോല്‍വിക്ക് ശേഷവും മാധ്യമ വിചാരണയ്ക്ക് വിധേയമായിട്ടുണ്ട്. എത്രത്തോളം വേദന നിറഞ്ഞതായിരുന്നത്..?

തീര്‍ച്ചയായും ഇത്തരം കാര്യങ്ങള്‍ വേദനിപ്പിക്കുന്നതാണ്. എന്നാല്‍ ഒരുകാര്യം മനസിലാക്കേണ്ടതുണ്ട്. ഞങ്ങള്‍ അനുഭവിച്ച അതേ വേദന അവരും അനുഭവിക്കുന്നു. അതുക്കൊണ്ടാണ് ഇത്തരത്തില്‍ ചെയ്യേണ്ടി വരുന്നത്. ഫുട്‌ബോള്‍ ഭ്രാന്തന്മാരുടെ നാടാണ് അര്‍ജന്റീന. അതുക്കൊണ്ട് മാധ്യമങ്ങള്‍ അങ്ങനെ പെരുമാറുന്നില്‍ അത്ഭുതമൊന്നുമില്ല. അടുത്തിടെ മൂന്ന് തവണ ഫൈനലില്‍ പ്രവേശിച്ചു. എന്നാല്‍ ആരാധകര്‍ക്കിടയില്‍ രണ്ടാം സ്ഥാനക്കാര്‍ക്ക് സ്ഥാനമില്ല.

റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന ബുദ്ധിമുട്ടേറിയ ഗ്രൂപ്പിലാണ്. ഐസ്‌ലന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ എന്നിവരാണ് കൂടെയുള്ളത്. എങ്ങനെ നോക്കി കാണുന്നു പ്രാഥമിക ഘട്ടത്തെ..?

മികച്ച ടീമുകളെ നേരിടുമ്പോള്‍ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കണം. അതും ലോകകപ്പ് പോലുള്ള വലിയ വേദിയില്‍. എല്ലാവരും ശക്തതരായ എതിരാളികളാണ്. ഒരുക്കം നന്നായിരിക്കണം. എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടേറിയതാണ്. എന്നാല്‍ ഞങ്ങള്‍ പൊരുതാന്‍ തയ്യാറാണ്.

നിങ്ങളുടെ അഭിപ്രായത്തില്‍ ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീം ഏതാണ്..?

ഫുട്‌ബോള്‍ ശക്തികളെല്ലാം ലോകകപ്പില്‍ ഫേവറൈറ്റുകളാണ്. നിലവിലെ ചാംപ്യന്മാരായ ജര്‍മനി ഒരിക്കല്‍കൂടി കപ്പിലേക്കാണ് ഉന്നം വെയ്ക്കുന്നത്. സ്‌പെയ്‌നും കിരീടം നേടാന്‍ കരുത്തുള്ളവരാണ്. യോഗ്യതാ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തവരാണ് ബ്രസീലും പോര്‍ച്ചുഗലും. ഫ്രാന്‍സിനേയും തള്ളി കളയാന്‍ സാധിക്കില്ല.

നിലവിലെ ചാംപ്യന്മാരായ ജര്‍മനി ഒരിക്കല്‍കൂടി കപ്പിലേക്കാണ് ഉന്നം വെയ്ക്കുന്നത്.

നെതര്‍ലന്‍ഡ്‌സിനും ഇറ്റലിക്കും ലോകകപ്പ് യോഗ്യത ലഭിക്കാതെ പോയത് ആശ്ചര്യപ്പെടുത്തിയോ..?

ലോകകപ്പ് എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് തെളിയിക്കുന്നതാണ് ഇരുവരുടേയും അയോഗ്യത. ഇറ്റലിയില്ലാതെ ഒരു ലോകകപ്പ് ചിന്തിക്കാന്‍ പോലുമാകില്ല. അതുപ്പോലെ തന്നെ ഓറഞ്ച് പടയുടെ കാര്യവും. കഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിസ്റ്റുകളായിരുന്നു അവര്‍. തീര്‍ച്ചയായും റഷ്യന്‍ ലോകകപ്പില്‍ ഇരുവരുമുണ്ടാക്കുന്ന നഷ്ടം വലുതാണെന്നതില്‍ സംശയമൊന്നുമില്ല.

റഷ്യയിലേക്കുള്ള അര്‍ജന്റീനയുടെ യാത്ര കടുപ്പമേറിയതായിരുന്നു. ഇക്വഡറിനെതിരേ നിങ്ങളുടെ ഹാട്രിക്കാണ് യോഗ്യത ഉറപ്പാക്കി കൊടുത്തത്.

അവസാന മത്സരത്തില്‍ ഞങ്ങള്‍ക്ക് ജയിക്കണമായിരുന്നു. തുടക്കത്തില്‍ തന്നെ ഞങ്ങള്‍ പിന്നിലായി. എന്നാല്‍ അവസാനം ഞങ്ങള്‍ പദ്ധതിയിട്ടത് പോലെ തന്നെ സംഭവിച്ചു. എനിക്ക് മൂന്ന് ഗോളുകള്‍ നേടാന്‍ കഴിഞ്ഞെങ്കിലും, ടീമാണ് യോഗ്യത സാധ്യമാക്കിയത്. മറ്റൊരു ലോകകപ്പിനടത്തുത്താണ് നമ്മള്‍. ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ റഷ്യന്‍ ലോകകപ്പിലാണ്.

ക്രൊയേഷ്യയും അര്‍ജന്റീനയും ഒരേ ഗ്രൂപ്പിലാണെന്ന് അറിഞ്ഞപ്പോള്‍ ബാഴ്‌സലോണ സഹതാരവും ക്രോട്ടിഷ് മധ്യനിരതാരവുമായ ഇവാന്‍ റാകിടിച്ച് എന്ത് പറഞ്ഞു..?

ഇക്കാര്യത്തെ കുറിച്ച് കൂടുതലൊന്നും സംസാരിച്ചില്ല. ഇവാന്‍ മികച്ച താരമാണ്. ഒരു യോദ്ധാവ് കൂടിയാണ്. ഒരു കാര്യം ഉറപ്പാണ് എന്റെ ഗെയിം പ്ലാനിന് അനുസരിച്ച് അവന്‍ എന്നെ കളിക്കാന്‍ സമ്മതിക്കില്ല. ഇവാനിന് യോജിച്ച പങ്കാളിയാണ് ലൂക്കാ മോഡ്രിച്ച്. പരിശീലന സമയങ്ങളില്‍ ഞാനും ഇവാനും ആസ്വദിക്കാറുണ്ട്. രസകരമായ തമാശകളും ഉണ്ടാവാറുണ്ട്.