ഡിബാലെ മാത്രമാണ് മെസിക്ക് ശേഷം പ്രതീക്ഷയായി അവശേഷിക്കുന്നത്

മോസ്കോ: ആരാധകരുടെ പ്രിയ ടീമായ അര്‍ജന്‍റീന ലോകകപ്പില്‍ നിന്ന് പുറത്തായപ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. കാല്‍പന്തുലോകത്തെ മിശിഹ ലിയൊണല്‍ മെസി എന്തുചെയ്യുമെന്ന ചോദ്യം കളിയാരാധകര്‍ ഒന്നടങ്കം ഉയര്‍ത്തുകയാണ്. കോപ അമേരിക്കയില്‍ പരാജയപ്പെട്ടപ്പോള്‍ വിരമിച്ചതുപോലെ മെസി വിരമിക്കില്ലെന്ന സൂചനയാണ് ആദ്യം പുറത്തുവരുന്നത്.

നേരത്തെ മെസി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ലോകകിരീടത്തില്‍ മുത്തമിട്ട ശേഷം മാത്രമേ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കു എന്നാണ് മെസി ക്രൊയേഷ്യയ്ക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ പരാജയപ്പെട്ട ശേഷം പ്രതികരിച്ചത്. ആ വാക്കുകളില്‍ തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ഫ്രാന്‍സിന് മുന്നില്‍ പിടഞ്ഞ് വീഴുമ്പോള്‍ ഇനിയൊരു ലോകപോരാട്ടത്തിന് ബാല്യമുണ്ടെന്ന് മെസി പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. മെസിക്ക് ലോകകിരീടം കിട്ടാക്കനിയാകുമോ എന്നതാണ് ലോകകപ്പില്‍ നിന്ന് അര്‍ജന്‍റീനയുടെ പുറത്താകല്‍ അവശേഷിപ്പിക്കുന്ന മറ്റൊരു ചോദ്യം. 4 വര്‍ഷത്തിനപ്പുറം അര്‍ജന്‍റീന ടീമില്‍ മെസ്സി ഉണ്ടാകുമോ എന്നത്
കണ്ടറിയേണ്ടിരിക്കുന്നു.

അര്‍ജന്‍റീനയില്‍ മെസിയോളം പ്രതിഭയുള്ള താരങ്ങളാരും ഇപ്പോളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഡിബാലെ മാത്രമാണ് മെസിക്ക് ശേഷം പ്രതീക്ഷയായി അവശേഷിക്കുന്നത്. മെസിയില്ലാത്ത അര്‍ജന്‍റീന ദുരന്തമാകുന്നത് പലവട്ടം കാല്‍പന്തുലോകം കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മെസി വീണ്ടും കളത്തിലുണ്ടാകുമെന്നും സിദാനെ പോലെ മുപ്പത്തിയഞ്ചാം വയസ്സില്‍ അവസാന ലോകകപ്പില്‍ വിസ്മയം കാട്ടുമെന്നുമാണ് ആരാധകര്‍ വിശ്വസിക്കുന്നത്. എന്തായാലും ഇതിഹാസ താരത്തിന്‍റെ പ്രതികരണം ഇനിയും വന്നിട്ടില്ല. മെസിയുടെ പ്രതികരണത്തിനായി കാല്‍പന്തുലോകം കാത്തിരിക്കുകയാണ്.