ഒന്നാം വിള കൃഷി മുടങ്ങിയേക്കുമെന്ന് ആശങ്ക
ബെംഗളൂരു: കാവേരി ജലം പ്രതീക്ഷിച്ച് നിലമൊരുക്കിയ തമിഴ്നാട്ടിലെ കർഷകർ വിത്തിറക്കാനാകാതെ ദുരിതത്തിൽ. മേട്ടൂർ അണക്കെട്ട് തുറക്കില്ലെന്ന് സർക്കാർ അറിയിച്ചതോടെ ഒന്നാംവിള കൃഷി മുടങ്ങുമെന്ന ആശങ്കയിലാണ് കാവേരി ഡെല്‍റ്റ മേഖലയിലെ കർഷകർ.
മേട്ടൂർ ഡാം തുറന്ന് കാവേരി നദി ഡെല്‍റ്റ മേഖലയിലേക്ക് ഒഴുകിയെത്തുന്ന് പ്രതീക്ഷിച്ച് പാടം ഉഴുതിട്ടു കർഷകർ നിരാശയിലാണ്. 9 ലക്ഷത്തിലേറെ ഹെക്ടറിലാണ് സർക്കാർ കണക്കില്‍ കാവേരി ഡെല്‍റ്റ മേഖലയില്‍ കൃഷിയുള്ളത്. ഭൂരിപക്ഷം പ്രദേശങ്ങളും കൃഷിക്കായി ആശ്രയിക്കുന്നത് കാവേരിയെയാണ്.
കാവേരിയില്‍ നിന്നും വെള്ളം കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കും, അല്ലെങ്കില്‍ തരിശിടും. കർഷകപ്രതിഷേധം തണുപ്പിക്കാൻ ഒന്നാം വിളകൃഷിക്കായി 115 കോടി രൂപയുടെ സഹായപാക്കേജ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിത്തും വളവും വാങ്ങാനും, പമ്പ് സെറ്റുകള്‍ സ്ഥാപിക്കാനും സബ്സിഡി നൽകും. നിലമൊരുക്കാനും സഹായം വാഗ്ദാനം ചെയ്യുന്നു. പക്ഷെ വെള്ളമില്ലാതെ എങ്ങനെ കൃഷിയിറക്കുമെന്ന കർഷകരുടെ ചോദ്യത്തിന് ഇനിയും ഉത്തരമില്ല.
