സ്വീഡന്‍ ജയിച്ചാല്‍ ജര്‍മനിയ്ക്കും മെക്സ്സിക്കോയ്ക്കും തിരിച്ചടിയാകും
എകാതെരിൻബർഗ്: മരണപോരാട്ടത്തിന് കളമൊരുങ്ങിയിട്ടുള്ള ഗ്രൂപ്പ് എഫില് ജര്മനിയുടെയും മെക്സ്സിക്കോയുടെയും ഹൃദയം തകര്ത്ത് സ്വീഡന് മൂന്ന് ഗോളുകള്ക്ക് മുന്നില്. മെക്സിക്കോയ്ക്കെതിരായ പോരാട്ടത്തിന്റെ അമ്പതാം മിനിട്ടില് ലുഡ്വിക് അഗസ്റ്റിൻസനാണ് ആദ്യം തകര്പ്പന് ഗോള് നേടിയത്. വിക്ടർ ക്ലാസന്റെ പാസിലാണ് അഗസ്റ്റിൻസന് വല കുലുക്കിയത്.
ഗോള് പിറന്നതിന് പിന്നാലെ സ്വീഡന് കരുത്താര്ജിച്ച് മെക്സിക്കന് ബോക്സില് തുടരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 62 ാം മിനിട്ടില് പെനാല്ട്ടിയിലൂടെ ഗ്രാൻക്വിസ്റ്റാണ് സ്വീഡന് രണ്ടാം ഗോള് സമ്മാനിച്ചത്. ബോക്സിനുള്ളിൽ ബെർഗിനെ മൊറേനോ വീഴ്ത്തിയതിനാണ് സ്വീഡന് അനുകൂലമായി പെനാല്ട്ടി വിധിച്ചത്. കിക്കെടുത്ത നായകന് പിഴച്ചില്ല. 74 ാം മിനിട്ടില് സെല്ഫ് ഗോള് കൂടിയായതോടെ മെക്സ്സിക്കന് ദുരന്തം പൂര്ത്തിയായി.
ലോക ചാമ്പ്യന്മാരായ ജര്മനിയ്ക്കാണ് സ്വീഡന്റെ മുന്നേറ്റം വന് തിരിച്ചടിയാകുന്നത്. സ്വീഡന് ജയിച്ചാല് ജര്മനി രണ്ടാം റൗണ്ട് കാണാതെ പുറത്താകാനുള്ള സാധ്യത വര്ധിക്കും. മെക്സിക്കോയ്ക്ക് സമനിലയായാലും രണ്ടാം റൗണ്ടിലേക്ക് പ്രവേശനം നേടാം. കസാനിൽ നടക്കുന്ന ജർമനി ദക്ഷിണ കൊറിയ പോരാട്ടം ഇതുവരെ ഗോള് രഹിതമാണ്. ജര്മനിയ്ക്ക് ജയിക്കാനായാല് ഗോള് ശരാശരി നിര്ണായകമാകും.
