തുടര്‍ന്നുള്ള കേസ് അന്വേഷണം ത്വരിതഗതില്‍ പൂര്‍ത്തിയാക്കണം

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള അന്വേഷണം വേഗത്തിലാക്കണമെന്ന് സര്‍ക്കാരിനോട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരി വെയ്ക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും വിഎസ് പറഞ്ഞു.

ഒരു മുതിര്‍ന്ന ഐപിഎസ് ഓഫീസറെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് ഹൈക്കോടതി വിധിയില്‍ പറയുന്നത്. എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട പാവപ്പെട്ട സ്ത്രീകളെ മൈക്രോഫിനാന്‍സ് വായ്പയുടെ പേരില്‍ കബളിപ്പിക്കുകയായിരുന്നുവെന്ന തന്റെ വാദം ഗൗരവതരമാണെന്ന് ബോധ്യപ്പെട്ടാണ് ഹൈക്കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഇനി തുടര്‍ന്നുള്ള കേസ് അന്വേഷണം ത്വരിതഗതില്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നാണ് താന്‍ ആശിക്കുന്നതെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.