ആദ്യം കണ്ട രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാർ മണ്ണിനടിയിൽ നിന്ന് പുറത്തെടുത്തു. ഇവരിൽ നിന്നാണ് മണ്ണിനടിയിൽ ഒരാൾ കൂടിയുണ്ടെന്ന് അറിയുന്നത്

ഇടുക്കി: ഇടുക്കി ആനച്ചാലിൽ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. സംരക്ഷണ ഭിത്തി നിർ‍മിക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞ് വീണായിരുന്നു അപകടം. ആനച്ചാൽ ടൗണിൽ പെട്രോൾ പമ്പിന് സമീപം നിർമിക്കുന്ന കെട്ടിടത്തിനായി പില്ലറെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.

പില്ലറിനായി കുഴിക്കുന്നതിനിടെയാണ് അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവ‍ർത്തനം ആരംഭിച്ചത്. ആദ്യം കണ്ട രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാർ മണ്ണിനടിയിൽ നിന്ന് പുറത്തെടുത്തു. ഇവരിൽ നിന്നാണ് മണ്ണിനടിയിൽ ഒരാൾ കൂടിയുണ്ടെന്ന് അറിയുന്നത്. ഉടൻ തന്നെ മണ്ണ് മാന്തി എത്തിച്ച് ഇയാളെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പശ്ചിമ ബംഗാൾ സ്വദേശി മക് സാദിഖുൾ ഹഖാണ് മരിച്ചത്. പില്ലറിനായെടുത്ത കുഴിയിൽ അകപ്പെട്ട് പോയതാണ് ഹഖിന്‍റെ ജീവനെടുത്തത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ പശ്ചിമബംഗാളിലേക്ക് കൊണ്ടുപോകും.

മറ്റ് രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല. പ്രദേശത്ത് കെട്ടിട നി‍ർമാണത്തിന് അനുമതി നൽകിയിരുന്നില്ലെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. ഓഗസ്റ്റിലെ പ്രളയത്തിൽ ഈ ഭാഗത്ത് കാര്യമായ തോതിൽ മണ്ണിടിഞ്ഞിരുന്നു. മഴ മാറിയതിനെ തുടർന്ന് മണ്ണ് ഉറച്ചെന്ന ധാരണയിൽ വീണ്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.