കോഴിക്കോട്: വളയനാട് ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്നു. ഉത്തർപ്രദേശ് സ്വദേശി ഗോലുവാണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ ബന്ധുവായ ഭരത്തിനെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെയോടെയാണ് കൊലപാതകം നടന്നത്. വളയനാട് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിനു സമീപമാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി ഗോലുവും ഇയാളുടെ ബന്ധു ഭരത്തും തമ്മിൽ വാക്കേറ്റമുണ്ടായി. ക്യാമ്പിൽ വച്ച് തുടങ്ങിയ വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങി. മറ്റ് തൊഴിലാളികൾ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇരുവരും പിന്മാറിയില്ല. 

മർദ്ദനമേറ്റ് അവശനായ ഗോലു ക്യാമ്പിനു പുറത്തെ മൈതാനത്തേക്ക് ഇറങ്ങി. പിന്നാലെ എത്തിയ ഭരത്ത് കല്ലു കൊണ്ടു ഗോലുവിന്‍റെ തലയ്ക്കടിച്ചു. ഗുരുതര പരിക്കേറ്റ ഗോലു തൽക്ഷണം മരിച്ചു. സംഭവശേഷം ഒളിവിൽ പോകാൻ ശ്രമിച്ച ഭരത്തിനെ മറ്റ് തൊഴിലാളികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. 

മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ തർക്കം പതിവാണെന്ന് തൊഴിലാളികൾ മെഡിക്കൽ കോളേജ് പൊലീസിനോട് പറഞ്ഞു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.