കോഴിക്കോട് : ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന പാല്‍ പരിശോധിക്കാന്‍ ചെക്പോസ്റ്റുകളില്‍ സംവിധാനമൊരുക്കുമെന്ന് ക്ഷീരവികസന മന്ത്രി കെ.രാജു. ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുമെന്നും കോഴിക്കോട്ട് ദേശീയ ക്ഷീരദിനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.  

പാലുല്‍പ്പാദനത്തില്‍ കേരളം സ്വയംപര്യപ്തതയിലേക്ക് നീങ്ങുകയാണ് .പാലിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതി രണ്ടു വര്‍ഷത്തിനകം അവസാനിപ്പിക്കും. ചെക്പോസ്റ്റ് കടന്നുവരുന്ന പാലില്‍ വിഷാംശമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.  

രാജ്യത്തെ മാറിയ സാഹചര്യങ്ങള്‍ കന്നുകാലി വളര്‍ത്തലിന് ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് ഗുജറാത്തില്‍നിന്ന് ഗീര്‍ പശുക്കളെ കൊണ്ടുവരാന്‍ നേരിട്ട ബുദ്ധിമുട്ട്  ഓര്‍മിച്ചുകൊണ്ട് മന്ത്രി വ്യക്തമാക്കി. കന്നുകാലികൾക്കുള്ള മരുന്നുകൾ ലഭ്യമാക്കാന്‍ ഓരോ ജില്ലയിലും ന്യായവില ഷോപ്പുകൾ തുടങ്ങും. വെറ്റിനറി ഡോക്ടറുടെ സേവനം രാത്രികാലങ്ങളിലും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.