മിനായിലെ ജമ്രകളില്‍ രണ്ടാം ദിവസവും കല്ലേറ് കര്‍മം തുടരുന്നു. നാളെയും മറ്റന്നാളുമായി ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും.
മിനായിലെ ജമ്രകളില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച കല്ലേറ് കര്‍മം തുടരുകയാണ്. ഇന്ന് മുതല്‍ മൂന്നു ദിവസം മിനായില്‍ താമസിച്ച് മൂന്നു ജമ്രകളിലും കല്ലേറ് കര്‍മം നിര്‍വഹിക്കുന്നു ഹാജിമാര്‍. തമ്പുകളില്‍ നിന്ന് ജമ്രാ പാലത്തിലേക്കും തിരിച്ചും നടക്കുന്ന തീര്‍ഥാടകര്‍ ആണ് മിനായില്‍ എവിടെയും. ദൂരെ തമ്പുകളിലുള്ള പലരും മെട്രോ വഴിയും ജമ്രാ പാലത്തില്‍ എത്തുന്നുണ്ട്. മലയാളി ഹാജിമാരില്‍ കൂടുതലും ഗ്രൂപ്പുകളായി വന്നു തിരക്ക് കുറഞ്ഞ സമയത്താണ് കല്ലേറ് കര്‍മം നിര്‍വഹിക്കുന്നത്.
കൂട്ടം തെറ്റാതിരിക്കാന്‍ ഗ്രൂപ്പിലെ സ്ത്രീകള്‍ ഒരേ നിറത്തിലുള്ള തട്ടം ധരിക്കുന്നത് മൂലം കേരളത്തില്‍ നിന്നുള്ള സ്വകാര്യ സംഘങ്ങളെ പെട്ടെന്ന് തിരിച്ചറിയാനാകും. വഴികളിലും ജമ്രാ പാലത്തിലും വണ്‍വേ സംവിധാനം കൊണ്ട് വന്നതിനാല്‍ കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഭൂരിഭാഗവും നിര്‍വഹിച്ച് മിനായിലെ തന്പുകളില്‍ കഴിയുകയാണ് ഹാജിമാര്‍. തിങ്കളാഴ്ചയാണ് കര്‍മങ്ങള്‍ അവസാനിക്കുന്നതെങ്കിലും നാളത്തെ കല്ലേറ് കര്‍മത്തോടെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങാനുള്ള അവസരം ഹാജിമാര്‍ക്കുണ്ട്.
