കൊച്ചി: കെല്‍പാം മുന്‍ എംഡി സജി ബഷീറിന് നിയമനം നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് . സിങ്കിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തു സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി. സജിയെപ്പോലെ അഴിമതിക്കാരനായ ഒരാളെ പൊതുമേഖലാ സ്ഥാപനത്തില്‍ നിയമിക്കില്ലെന്നും ഉത്തരവിന്‍റെ പകര്‍പ്പ് കിട്ടിയശേഷം നിയമപരമായ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കെല്‍പാം മുന്‍ എംഡിയായ സജി ബഷീറിന്‍റെ നിയമനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബഞ്ച് തള്ളിയത്.സിഡികോ എംഡിയായിരുന്ന സജി ബഷീറിനെ അഴിമതി ആരോപണങ്ങളെത്തുടര്‍ന്നാണ് നിയമനം നല്‍കാതെ മാറ്റിനിര്‍ത്തിയത്. ഇതിനെതിരെ സജി ഹൈക്കോടതിയെ സമീപിച്ചു. നിയമനം നല്‍കണമെന്ന് സിങ്കിള്‍ ബഞ്ച് ഉത്തരവിട്ടു. തുടര്‍ന്ന് കെല്‍പാം എംഡിയായി നിയമിച്ചു.
സിഡ്കോയുടെ സ്ഥിരം എംഡിയാണ് താന്‍ എന്ന സജി ബഷീറിന്‍റെ വാദങ്ങളെ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തില്ല, വ്യവസായ വകുപ്പ് സെക്രട്ടറി സജിക്കായി ഒത്തുകളിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് മന്ത്രി ഇടപെട്ട് സജിയെ വീണ്ടും പുറത്താക്കി. സിങ്കിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ പുനഃപരിശോധനാ ഹര്‍ജിയും നല്‍കി. സജി ബഷീറിനെതിരെ നിരവധി വിജിലൻസ് കേസുകളുണ്ട്. സിബിഐ അന്വേഷണം നേരിടേണ്ട ഉദ്യോഗസ്ഥനാണ്.. ഈ സാഹചര്യത്തില്‍ സർക്കാരിന്റെ പ്രധാന പദവികളിൽ നിയമിക്കാനാവില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
എന്നാൽ നേരത്തെ സർക്കാർ കോടതിയിൽ നൽകിയ വിശദീകരണങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നതെന്ന് സജി ബഷീര്‍ ബോധിപ്പിച്ചു. സജിയുടെ വാദം അംഗീകരിച്ചാണ് പുനഃ പരിശോധനാ ഹര്‍ജി ഡിവിഷന്‍ ബഞ്ച് തള്ളിയത്. എന്നാല്‍ സജിക്കെതിരായ അന്വേഷണം തുടരുന്നതില്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് പരിശോധിച്ച് നിയമ നടപടി കൈക്കൊള്ളുമെന്നായിരുന്നു വ്യവസായ മന്ത്രിയുടെ പ്രതികരണം. സജി ബഷീറിനെതിരായ കേസുകളുടെ വിശദാംശങ്ങള്‍ സിങ്കിള്‍ ബഞ്ചില്‍ നിരത്താന്‍ കഴിയാത്തതാണ് സര്‍ക്കാരിന് ഡിവിഷന്‍ ബഞ്ചിലും തിരിച്ചടിയായത്.
