കീഴാറ്റൂരില്‍ പ്രശ്നപരിഹാരത്തിനൊരുങ്ങി സര്‍ക്കാര്‍; മേല്‍പ്പാതയ്ക്ക് അനുമതി തേടി കേന്ദ്രത്തിന് കത്തെഴുതി

First Published 24, Mar 2018, 1:13 PM IST
minister g sudhakaran writes to centre on keezhattur road issue
Highlights

എലവേറ്റഡ് റോഡിന്റെ സാധ്യതകള്‍ ആരാഞ്ഞ് മന്ത്രി ജി സുധാകരന്‍ കത്തെഴുതിയത്

തിരുവനന്തപുരം: കീഴാറ്റൂരിലെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സർക്കാരിന്‍റെ പുതിയ നീക്കം. നെൽവയലിന് കുറുകെ മേൽപാതയ്ക്ക് അനുമതി തേടി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനും ദേശീയപാത അതോറിറ്റിക്കും കത്തെഴുതി.

കീഴാറ്റൂരിലെ സമരത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പുതിയ നീക്കം. പാടം നികത്തി റോഡ് പണിയുന്നതിന് പകരം മേൽപാതയെന്ന ആശയം നേരത്തെ തന്നെ തളിപ്പറമ്പ് എം.എൽ.എ ജെയിസ് മാത്യു മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് എലവേറ്റഡ് റോഡിന്റെ സാധ്യതകള്‍ ആരാഞ്ഞ് മന്ത്രി കത്തെഴുതിയത്.  ബൈപ്പാസിന്റെ അലൈൻമെന്റിൽ മാറ്റം വരുത്തി മേൽപാതയാക്കിയാൽ വയൽ സംരക്ഷിക്കാമെന്നും ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നുമാണ് മന്ത്രി കത്തിൽ പറയുന്നത്. അതിനിടെ സര്‍ക്കാര്‍ അനുനയ നീക്കങ്ങള്‍ നടത്തുന്നതിനിടെ സമരക്കാരെ വിമര്‍ശിച്ച് കെ മരുളീധരന്‍ എം.എല്‍.എ രംഗത്തെത്തി. 

അതേസമയം കീഴാറ്റൂരിൽ വയൽക്കിളികൾക്ക് ബദലായി സി.പി.എം ശനിയാഴ്ച വൈകുന്നേരം സമരം സംഘടിപ്പിക്കും. കാവൽപ്പുരയെന്ന പേരിൽ സമരപ്പന്തൽ കെട്ടിയാണ് സി.പി.എമ്മിന്റെ പ്രതിഷേധം. ഭൂവുടമകളെയും സമരത്തിൽ അണിനിരത്തുമെന്ന് സി.പി.എം അറിയിച്ചിട്ടുണ്ട്. രണ്ട് സമരങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുമുണ്ട്. വയൽക്കിളികൾക്കെതിരെ സി.പി.എം സമരം നടത്തുന്നത്  അസഹിഷ്ണുത കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല പറഞ്ഞു. ബദൽ സമരത്തിന് പകരം പ്രശ്നപരിഹാരമാണ് വേണ്ടതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

സി.പി.എമ്മിന്റെയും വയൽക്കിളികളുടെയും സമരങ്ങൾ സമാധാനപരമായി നടത്താൻ ഇന്ന് ചേര്‍ന്ന യോഗത്തിൽ ഡി.വൈ.എസ്.പിയുടെ  നിർദേശിച്ചു. പൊലീസ് ജാഗ്രതയോടെ പ്രവർത്തിക്കും. യോഗത്തിൽ പങ്കെടുത്ത എല്ലാ കക്ഷികളും ഡിവൈഎസ്പിയുടെ നിർദേശത്തോട് യോജിച്ചു. സമാധാനപരമായി ഇരു പരിപാടികളും നടത്താനും യോഗത്തിൽ ധാരണയായി. വയൽകിളികളുടെ നാളത്തെ പരിപാടിക്ക് പൊലീസ് മൈക്ക് ഉപയോഗിക്കാൻ അനുമതി നൽകി. വയൽകിളികളുടെ പ്രതിഷേധ ജാഥ വയൽ കിളികളുടെ നിയന്ത്രണത്തിൽ ആയിരിക്കുമെന്നും. നുഴഞ്ഞുകയറി അക്രമം ഉണ്ടാക്കാൻ ശ്രമിച്ചാൽ പൊലീസുമായി സഹകരിച്ച് ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു.

loader